വാലന്റൈൻസ് ഡേ വിശേഷങ്ങൾ
ഫെബ്രുവരി 14 വിശുദ്ധ വാലൻന്റൈൻ തിരുനാൾ ആശംസകൾ ഏവർക്കും നേരുന്നു..
പ്രണയദിനം ആഘോഷിക്കുന്നവർ അതിൻറെ ചരിത്രത്തിലേക്കു ഒന്നു പോകുന്നത് നന്നായിരിക്കും. റോമിലെ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ആണും പെണ്ണും കാണുകയോ പ്രണയിക്കുകയോ ചെയ്താല്‍ യുദ്ധവീര്യം ചോർന്നു പോകുമെന്നും കൂടാതെ വിവാഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉത്തരവിട്ടു. ഇക്കാരണത്താൽ പ്രണയവും സ്നേഹവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടിയ കാലത്തു അവര്‍ക്ക് സാന്ത്വനമായി എത്തിയ ഫാദർ വാലന്റൈന്‍ എല്ലാ വിലക്കുകളെയും ലംഖിച്ചു പ്രണയിക്കുന്നവര്‍ക്ക് വിവാഹിതരാകാൻ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി.
ഭരണ കൂടത്തെ വെല്ലുവിളിച്ചു രഹസ്യമായി നടത്തിവന്ന വിവാഹങ്ങൾ ഒരു ദിവസം ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു. ഫാദർ വാലന്റൈനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാൻ ഉത്തരവിട്ടു .
തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന്‍ വേണ്ടി റോം നഗരത്തിലെ യുവാക്കളെല്ലാം സ്നേഹവാക്കുകളുമായി ജയിലിൽ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ജയിലിലെ സൂപ്രണ്ടിന്റെ മകളും ഒരു ദിനം വാലന്റൈനെ കാണാനെത്തി.
പുരോഹിതനുമായി അവള് സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു “ലവ് ഫ്രം യുവര്‍ വാലന്റൈന്‍”. ഇതാണ് ചരിത്രം. എന്നിരിക്കെ തികച്ചും ഒരു രക്തസാക്ഷി ദിനമായ വാലന്റൈൻസ് ദിനം വളച്ചൊടിച്ചു കോലാഹലങ്ങൾക്കു വഴിമാറിയത് എങ്ങനെ ?ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, അങ്ങനെ ഫെബ്രുവരി 7 മുതൽ പാശ്ചാത്യർ ആഘോഷം തുടങ്ങുന്നു. ആഗോളവത്കരണത്തിന്റെയും പുത്തൻ സാമ്പത്തിക നയങ്ങളുടെയും ഭാഗമായി ഇന്ത്യയിലും ഇത്തരം ആഘോഷങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടായി എന്നത് പറയാതെ വയ്യ. ഏതായാലും ഒരു പുരോഹിതൻ തന്റെ നാട്ടിൽ നില നിന്നിരുന്ന മോശമായ പ്രവണതകൾക്ക് എതിരെ അതി ശക്തമായ നിലപാടുകളിലൂടെ രക്തസാക്ഷിത്വം വരിച്ച ഈ ദിനം വാലന്റൈൻ രക്തസാക്ഷി ദിനമായി ആചരിക്കാം. പ്രണയത്തിനു പ്രായവും പരിതഃസ്ഥിതിയും ഒന്നും തടസമില്ലെന്നു പറയുമ്പോഴും ജീവിത യാഥാർഥ്യങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന പ്രണയങ്ങൾ പലപ്പോഴും ദുരന്തങ്ങളായി മാറുന്നത് വർത്തമാന കാലത്തു പതിവാകുന്നു. ഫാദർ വാലന്റൈന്റെ ഓർമ്മ കൾക്ക് മുൻപിൽ നൂറു രക്ത പുഷ്പങ്ങൾ …
✍ റിയാ ടോം