Tag: Smart Parenting

കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം

👨‍👩‍👧‍👦 സ്മാർട്ട് പാരന്റിങ് 👨‍👩‍👧‍👦

🔳 𝐊𝐉

കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം ⁉️

▫️ കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു. മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ പരിഹാരമുണ്ടെന്നു കരുതി ഇടപെടുമ്പോള്‍, ആധിപത്യവും അടിച്ചമര്‍ത്തലും സംഭവിക്കുന്നു.

ആധിപത്യഭാവത്തോടെ പെരുമാറുന്ന ഒരാള്‍ക്ക് കൗമാരക്കാരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. സൗഹൃദത്തോടെ പെരുമാറുന്നവര്‍ക്കേ അവരുടെ മനസ്സിലിടം നേടാന്‍ കഴിയൂ. അവരെ ശ്രദ്ധയോടെ കേള്‍ക്കലാണ് പ്രധാനം.

‘വീട്ടില്‍ ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ ഉണ്ടെങ്കില്‍ അവിടത്തെ സ്വസ്ഥത പടിയിറങ്ങും” ഒരാള്‍ പറഞ്ഞു. അയാള്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഡിഗ്രി ഒന്നാം വര്‍ഷക്കാരിയായ മകളും പ്ലസ് വണ്‍കാരനായ മകനും തന്റെ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കിയ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഒടുവില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു: ”എന്റെ മക്കള്‍ എന്തിന് വലുതായി എന്ന് ഞാന്‍ പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്.’അവരുടെ കുട്ടിക്കാലത്ത് ഒരു പ്രശ്‌നവുമില്ലാതെ കഴിഞ്ഞ നല്ല നാളുകളെക്കുറിച്ചയാള്‍ പറഞ്ഞു, നെടുവീര്‍പ്പിട്ടു.

മുതിര്‍ന്നവരും കൗമാരക്കാരുമായുള്ള വാക് യുദ്ധങ്ങള്‍ പല കുടുംബങ്ങളിലും നടക്കുന്നുണ്ട്. വാദപ്രതിവാദവും പിണങ്ങലുകളും ഇറങ്ങിപ്പോക്കും നടക്കുന്നു. വാക്കുകളിരുവരെയും മുറിവേല്‍പ്പിച്ചെന്നും വന്നേക്കാം. മുതിര്‍ന്നവരപ്പോള്‍ ആരോപിക്കുന്നു: ”അനുസരണയില്ല, ധിക്കാരം കലര്‍ന്ന പെരുമാറ്റം. കടിച്ചുകീറാന്‍ വരുന്ന സ്വഭാവം”. കൗമാരക്കാര്‍ പറയുന്നു: ”ഏതോ കാളവണ്ടി യുഗത്തില്‍ കഴിയുന്നവര്‍. എന്നെ മനസ്സിലാകാത്ത വര്‍ഗം. എപ്പോഴും കുറ്റപ്പെടുത്തുന്ന ശത്രുക്കള്‍.” കുടുംബം യുദ്ധത്തിലാണ്, പലര്‍ക്കും.

🔹 കുറ്റം പറയാന്‍ നിങ്ങള്‍ക്കെന്തവകാശം?

കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു. മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ പരിഹാരമുണ്ടെന്നു കരുതി ഇടപെടുമ്പോള്‍, ആധിപത്യവും അടിച്ചമര്‍ത്തലും സംഭവിക്കുന്നു. കൗമാരക്കാരുടെ പ്രശ്‌നങ്ങളുടെ ഹേതു മാതാപിതാക്കള്‍ മാത്രമല്ല. എന്നാല്‍ പ്രശ്‌നങ്ങളോട് പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. കൗമാരക്കാര്‍ക്ക് മാതാപിതാക്കള്‍ പ്രതികളായിരിക്കും. പരിഹാരകര്‍മികളായി കൗമാരക്കാര്‍ കണക്കാക്കുകയുമില്ല.

പലപ്പോഴും മുതിര്‍ന്നവരുടെ ഇടപെടലുകള്‍ ഫലമുണ്ടാക്കുന്നില്ല. മാതാപിതാക്കളോ അധ്യാപകരോ അത് സമ്മതിക്കാറുമില്ല. രക്ഷകര്‍ത്താക്കള്‍ പരാജയപ്പെടുമ്പോള്‍ അധ്യാപകരെ സമീപിച്ചേക്കും: ”നിങ്ങളൊന്ന് ഉപദേശിച്ച് മനസ്സിലാക്കിക്കൊടുക്കണം സാറേ…”. അത് ചെയ്താല്‍ കൗമാരക്കാരന് ഒരു ശത്രുകൂടി ജനിക്കുന്നു. ചില രക്ഷാകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയാവബോധമോ ഫലപ്രദമായ ഇടപെടല്‍പരിചയമോ ഇല്ലാത്ത മതപ്രഭാഷകരെയോ പുരോഹിതരെയോ സമീപിക്കുന്നു. വീണ്ടും ഉപദേശവര്‍ഷം. പ്രശ്‌നം കൂടുതല്‍ കുഴഞ്ഞുമറിയുന്നു. പ്രശ്‌നത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് പരിഹാരം കണ്ടെത്തുക എളുപ്പമല്ല. പരിഹാരത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവര്‍ക്കേ അത് സാധിക്കൂ. രക്ഷാകര്‍ത്താക്കളും അധ്യാപകരും കുടുംബക്കാരും കൗമാരക്കാരുടെ പ്രശ്‌നത്തിന്റെ ഭാഗമായിത്തീരുന്നെന്നതാണ് പ്രധാനപ്രശ്‌നം. പ്രശ്‌നത്തില്‍നിന്ന് മാറിനിന്ന് വിലയിരുത്തുകയോ വിശകലനം നടത്തുകയോ ചെയ്യുന്നവര്‍ക്കാണ് പരിഹാരത്തിലെത്തിച്ചേരാന്‍ കഴിയുക.

പല രക്ഷാകര്‍ത്താക്കള്‍ക്കും പ്രശ്‌നത്തിലിടപെടാന്‍ പറ്റാത്തത് അവര്‍ മക്കള്‍ക്ക് ഒരു റോള്‍മോഡലല്ല എന്നതുകൊണ്ടുകൂടിയാണ്. ചിലരത് പറയുകയും ചെയ്യും. മകളുടെ പ്രണയം കണ്ടുപിടിച്ച് ചോദ്യംചെയ്യുന്ന അമ്മയോട് മകളുടെ ചോദ്യം : ”അച്ഛന്റെ ബന്ധങ്ങള്‍ അമ്മയ്ക്കറിയാലോ ? എനിക്കുമറിയാം. എന്നെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കൊക്കെ എന്തവകാശാ ഉള്ളത് ? വിവാഹം കഴിഞ്ഞല്ല ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നത്. അച്ഛനോ ?” പ്രേമക്കാര്യവുമായി പയ്യന്റെ രക്ഷകര്‍ത്താക്കളുടെ അടുത്തുപോയാല്‍ അവര്‍ പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ മകളെ ശ്രദ്ധിക്ക്, അവന്‍ പറയുന്നത് നിങ്ങളുടെ മകളാണ് അവനെ ബുദ്ധിമുട്ടിക്കുന്നത് എന്നാണ്.” പഠനം മോശമാവുമ്പോള്‍ മുതിര്‍ന്നവര്‍ ചങ്ങാതിമാരെ പഴിക്കുന്നു. മക്കള്‍ ചോദിക്കുന്നു : ”ഞങ്ങളുടെ ചങ്ങാതിമാരില്‍ പലര്‍ക്കും നല്ല മാര്‍ക്കുണ്ടല്ലോ. അവരെയെങ്ങിനാ കുറ്റം പറയാന്‍ പറ്റ്വാ ?” കൗമാരക്കാരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ തലകുനിക്കേണ്ടിവരുന്നു.

🔹 പ്രശ്‌നപരിഹാരം: ഒരു മാര്‍ഗരേഖ

ആധിപത്യഭാവത്തോടെ പെരുമാറുന്ന ഒരാള്‍ക്ക് കൗമാരക്കാരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. സൗഹൃദത്തോടെ പെരുമാറുന്നവര്‍ക്കേ കൗമാരമനസ്സിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. സംഘര്‍ഷവും വഴക്കുമല്ല, പരസ്പരമറിയിക്കലും അറിയലുമാണ് പരിഹാരത്തിന്റെ മാര്‍ഗം. കൗമാരക്കാര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് സൗഹൃദത്തിന്റെ അന്തരീക്ഷം ഉണ്ടാകുന്നത്. സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ ഉതകുന്ന അന്തരീക്ഷമുണ്ടെങ്കില്‍ കുട്ടികള്‍ മനസ്സ് തുറക്കും. തന്റെ പ്രശ്‌നത്തെപ്പറ്റിയും തുറന്ന് പറഞ്ഞെന്നുവരും. കുറ്റപ്പെടുത്താതെ, പ്രശ്‌നത്തിന്റെ നാനാവശങ്ങള്‍ അപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയേക്കും. പരിഹാരത്തിലെത്തിച്ചേരാനും.

മുതിര്‍ന്നവര്‍ക്ക് കൗമാരക്കാരനുഭവിക്കാനിടയുള്ള പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. ഓരോ പ്രശ്‌നവും ഉണ്ടാകാനുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിന്റെ പ്രത്യാഘാതങ്ങളും. അതുകൊണ്ടുതന്നെ വ്യത്യസ്തമായ പരിഹാരമാര്‍ഗങ്ങളുമാവും ഉണ്ടാവുക. പഠനത്തില്‍ മോശമായാലും ആദ്യമായി പുകവലിച്ചെന്നോ മദ്യപിച്ചെന്നോ അറിയുമ്പോഴും രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന പരിഹാരമാര്‍ഗം കുറ്റപ്പെടുത്തലും ശിക്ഷാമുറകളുമായിരിക്കും. കുറ്റപ്പെടുത്തലുകളും ആക്രോശങ്ങളും ശിക്ഷിക്കലും മാറ്റിവെക്കുമ്പോള്‍ സംഘര്‍ഷപരിഹാരത്തിലേക്കും പടികേറുന്നു.

🔹 പ്രശ്‌നപരിഹാരത്തിന്റെ വിവിധ ഘട്ടങ്ങള്‍

🔸 പരിഹാരം കാണാനിരിക്കുന്ന പ്രശ്‌നത്തെ വേര്‍തിരിച്ചു കാണുക. പല പ്രശ്‌നങ്ങളെ കൂട്ടിക്കുഴയ്ക്കുന്നത് ഒഴിവാക്കുക. പഠനപ്രശ്‌നമാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, ചങ്ങാതിമാരോടുള്ള ബന്ധമോ മൊബൈല്‍ അഡിക്ഷനോ പറഞ്ഞ് യഥാര്‍ഥപ്രശ്‌നത്തില്‍നിന്ന് വഴിമാറരുത്.

🔸 പ്രശ്‌നത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. കഴിയാവുന്നത്ര വസ്തുനിഷ്ഠാപരമായും യുക്തിപൂര്‍വവും പ്രശ്‌നത്തെ വിലയിരുത്താന്‍ ശ്രമിക്കുക. പ്രശ്‌നത്തിന്റെ വിവിധതലങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ ആവശ്യമെന്ന് തോന്നുന്നെങ്കില്‍ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.

🔸 പ്രശ്‌നത്തോട് ബന്ധപ്പെട്ട് മകനോട്/മകളോട്/ മക്കളോട് സംസാരിക്കാനുള്ള സമയം നിശ്ചയിക്കുക. ആരോടാണ് സംസാരിക്കുന്നത് അവര്‍ക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കുക. മറ്റാരുടെയും ഇടപെടലോ ശ്രദ്ധയോ ഉണ്ടാവാനിടയില്ലാത്ത സ്ഥലം സംസാരിക്കാനായി നിശ്ചയിക്കുന്നതാണ് നല്ലത്.

🔸 ആരുടെ പ്രശ്‌നമാണ് കൈകാര്യം ചെയ്യുന്നത്, ആരോട് ബന്ധപ്പെട്ട പ്രശ്‌നമാണ് കൈകാര്യം ചെയ്യുന്നത് ആ വ്യക്തിയോട് നേരിട്ട് സംസാരിക്കുക. ഇടനിലക്കാരെ ഒഴിവാക്കുക. മറ്റൊരാളിന്റെ ഉപദേശപ്രകാരമാണ് സംസാരിക്കുന്നത് എന്ന് പറയാതെ, നിന്നോട് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത് എന്ന് തോന്നി എന്ന് പറയുക.

🔸 കുറ്റപ്പെടുത്തലോ പഴിചാരലോ നടത്താതെ, രക്ഷാകര്‍ത്താവ് മനസ്സിലാക്കിയ പ്രശ്‌നം നേരില്‍ അവതരിപ്പിക്കുക. ആവശ്യപ്പെടുന്ന പക്ഷം വിശദീകരണങ്ങള്‍ നല്‍കേണ്ടതാണ്. പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ ന്യായവാദത്തിനോ വഴക്കിനോ ശ്രമിക്കരുത്. മകന്‍/മകള്‍ തയ്യാറാവുന്നില്ല എന്നാണെങ്കില്‍, മറ്റൊരവസരത്തിന് കാത്തിരിക്കേണ്ടിവരും.

🔸 പ്രശ്‌നാവതരണത്തോടെ, അതിനുശേഷം, മകന്റെ/ മകളുടെ/ മക്കളുടെ വിശദീകരണം ശ്രദ്ധയോടെ കേള്‍ക്കുക. മക്കള്‍ കളവാണ് പറയുന്നതെന്ന മുന്‍വിധിയോടെ കേള്‍ക്കാനിരിക്കരുത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിശദീകരണം തേടാം. കൂടുതല്‍ സൂക്ഷ്മമായി കാര്യങ്ങളറിയാനത് സഹായിക്കും. മക്കളുടെ ഒളിച്ചുകളിയോ കളവോ തിരിച്ചറിയാനും അപ്പോള്‍ കഴിയും.

🔸 പ്രശ്‌നത്തിന്റെ കാരണങ്ങളും പാകപ്പിഴവുകളും തിരിച്ചറിയാന്‍തക്കവിധം ഇരുവരും സംസാരിക്കുന്നത് പരിഹാരത്തിലേക്ക് നീങ്ങാന്‍ സഹായിക്കുന്നു. മകനോട് / മകളോട് രക്ഷിതാവ് എന്ന നിലയില്‍ ഈ പ്രശ്‌നം കാരണം എത്രത്തോളം വിഷമമനുഭവിക്കുന്നു എന്നതറിയിക്കുക. മകന്റെ/ മകളുടെ വിഷമമറിയാനാവുന്നുണ്ടെന്നുമറിയിക്കുക. ഇനി പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനോ രൂക്ഷമാകാതിരിക്കാനോ എന്തുചെയ്യണമെന്ന ചോദ്യം ഉന്നയിക്കുക.

🔸 പരിഹാരത്തിലേക്കുള്ള മാര്‍ഗം ഒന്നിച്ചിരുന്ന്, അപ്പോഴോ പിന്നീടോ തീരുമാനിക്കുക. പരിഹാരത്തിനുള്ള ഒരു പ്രായോഗിക പദ്ധതിയാവണം ഉണ്ടാകേണ്ടത്; ഒരു കര്‍മപരിപാടി (plan of Action). ചെയ്യേണ്ട പടികളെ (Steps) അവയുടെ മുന്‍ഗണനാക്രമത്തില്‍ തീരുമാനിക്കുക. അവ ഓരോ പ്രവൃത്തി (Task)കളാക്കി മാറ്റുക. ഓരോന്നിനും കാലപരിധി ഒന്നിച്ച് ചര്‍ച്ചചെയ്തു നിര്‍ണയിക്കുക. ഒടുവില്‍ പ്രശ്‌നപരിഹാര പദ്ധതി ഒന്നിച്ചുള്ള തീരുമാനമാക്കി മാറ്റുക.

കടപ്പാട്: മനോരമ