Tag: Short Stories

അവസാനത്തെ ഇല | The Last Leaf | ഒ. ഹെൻറി

ഒ.ഹെൻറിയുടെ ‘ അവസാനത്തെ ഇല ‘ ( The Last Leaf ) ഹൃദയത്തെ അഗാധമായി സ്പർശിക്കുന്ന കഥ!
അങ്ങ് പലവട്ടം ഈ കഥ വായിച്ചിട്ടുണ്ടാകും. ഈ രാത്രി ഒരിക്കൽക്കൂടി ഒന്ന് വായിച്ചാലോ?
ഈ കോവിഡ് കാലത്തെ വായനാനുഭവം തികച്ചും വ്യത്യസ്തമായിരിക്കും.
അങ്ങകലെ ന്യൂയോർക്കി നടുത്തുള്ള ഒരു ഗ്രാമത്തിൽ ചെറിയൊരു ഫ്ലാറ്റിലെ കുടുസ്സുമുറിയിൽക്കഴിയുന്ന ചിത്രകാരികളായ രണ്ടു പെൺകുട്ടികളുടെ കഥയാണ്‌ ഇത്.

അക്കുറി ശൈത്യകാലം അതികഠിനമായിരുന്നു. ചുറ്റും ന്യുമോണിയ പടർന്നുപിടിക്കുന്നു. ഒരുപാടുപേർ ഗുരുതരാവസ്ഥയിലായി. പലരും മരണത്തിനു കീഴ്പ്പെടുന്നു.

ചിത്രകാരികളിലൊരാളായ ജോൺസിക്കും ന്യുമോണിയ പിടിപെട്ടു. പ്രത്യാശയ്ക്കു വകയില്ല, ഇനി ജീവിച്ചിരിക്കാൻ. അദമ്യമായ ആഗ്രഹവും ആശയും അവൾക്കുണ്ടെങ്കിൽ മാത്രമേ രക്ഷപ്പെടാൻ സാധ്യതയുള്ളൂ എന്ന് കൂട്ടുകാരി സ്യൂവിനോട് ഡോക്ടർ പറഞ്ഞു.

ജോൺസിയെ പ്രത്യാശയിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാൻ സ്യൂ ശ്രമിക്കുന്നു.

പെട്ടെന്നാണ് ജോൺസി പുറത്തേക്ക് കണ്ണുംനട്ട് എന്തോ എണ്ണിക്കൊണ്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. ജനാലയ്ക്കു പുറത്തെ മതിലിൽ പറ്റിപ്പിടിച്ചു വളരുന്ന പാതിയുണങ്ങിയ വള്ളിച്ചെടിയിൽ നോക്കിയാണ് ജോൺസി എണ്ണിക്കൊണ്ടിരുന്നത്.
12, 11, 10 :…. 6, 5, 4. അതിലെ ഇലകൾ ഓരോന്നായി കൊഴിയുന്നത് അവൾ കൃത്യമായി എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു ഈദിവസങ്ങളിൽ.

“ഇനിയതിൽ മൂന്ന് ഇലകൾ കൂടിയേ ഉള്ളൂ. അതിലെ അവസാനത്തെ ഇല കൊഴിയുമ്പോഴേക്കും എന്റെ ജീവിതവും അവസാനിച്ചിരിക്കും”. ജോൺസി പറഞ്ഞു.

അവളുടെ അബദ്ധധാരണയെ തിരുത്തുവാൻ, വ്യർത്ഥമായ സങ്കല്പത്തിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സ്യൂ ശ്രമിച്ചു.

ജോൺസിക്ക് നല്ല ഭക്ഷണവും മരുന്നും ലഭ്യമാക്കുവാനുള്ള പണം കണ്ടെത്താനായി ഒരു ചിത്രം അവൾക്ക് അത്യാവശ്യമായി പൂർത്തിയാക്കാനുണ്ട്. അതിനായി താഴത്തെ നിലയിൽ താമസിക്കുന്ന വൃദ്ധനായ ചിത്രകാരനെ അവൾക്ക് മോഡലായിവേണം. അയാൾ പരാജിതനായ ഒരു കലാകാരനാണ്.
ഇതുവരെ വരയ്ക്കാനാകാത്ത തന്റെ മാസ്റ്റർപീസ് വരയ്ക്കാൻ വൃഥാ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു പാവം വൃദ്ധൻ!

സ്യൂ താഴെ ചെന്ന് അയാളെ വിളിച്ചു. ജോൺസിയുടെ ദയനീയസ്ഥിതിയെക്കുറിച്ചും വള്ളിച്ചെടിയിലെ ഇലകളെക്കുറിച്ചുള്ള അവളുടെ ഒബ്സഷനെക്കുറിച്ചും അവൾ അയാളോടു പറഞ്ഞു. അവരൊരുമിച്ച് മുകളിലെ മുറിയിലെത്തി. അയാളെ മോഡലാക്കി സ്യൂ ചിത്രം പൂർത്തിയാക്കി.
അന്നു രാത്രി ഉറങ്ങുന്നതിനു മുൻപ് ജോൺസി പറഞ്ഞു:

“ഇനി ആ അവസാനത്തെ ഇല മാത്രമേ ഉള്ളൂ. അത് ഈ രാത്രി കൊഴിഞ്ഞു വീഴും”.

ആ രാത്രി അതിഭീകരമായ കാറ്റും മഞ്ഞുവീഴ്ചയു മായിരുന്നു. പിറ്റേന്ന് രാവിലെ ക്ഷീണിതമായ കണ്ണുകൾ തുറന്ന് ജോൺസി ആദ്യം നോക്കിയത് ആ ഇല അവിടെയുണ്ടോ എന്നാണ്.
അവൾ അത്ഭുതപ്പെട്ടു!
ഇത്ര കഠിനമായ കാറ്റും മഞ്ഞുമഴയും അതിജീവിച്ച് ആ ഇല അവിടെത്തന്നെയുണ്ട്!
അന്നു രാത്രിയിലും പിറ്റേന്ന് രാവിലെയും അത് അങ്ങനെത്തന്നെ നിന്നു.
അത് ജോൺസിയുടെ മനസിൽ പുതിയ പ്രത്യാശ നിറച്ചു. അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ സ്യൂ ജോൺസിയോടു പറഞ്ഞു:

” താഴെയുള്ള വയോധികനായ ചിത്രകാരൻ മരിച്ചു. ന്യുമോണിയ ബാധിച്ച്…”

ആ രാത്രി കൊടും തണുപ്പിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും വകവെക്കാതെ അയാൾ പുറത്തു നിന്ന് മതിലിൽ ആ ഇല വരക്കുകയായിരുന്നു.
ഒരിക്കലും കൊഴിയാത്ത അവസാനത്തെ ഇല !
അയാൾ വരക്കാൻ കൊതിച്ചിരുന്ന അയാളുടെ മാസ്റ്റർപീസ് !

കലയുടെ അനശ്വരതയെക്കുറിച്ചും സൗഹൃദത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും ആത്മസമർപ്പണത്തെയും ത്യാഗത്തെയും കുറിച്ചുമൊക്കെയാണ് ഈ കഥ നമ്മോട് സംസാരിക്കുന്നത്.

പക്ഷെ, ഈ കോവിഡ് മഹാമാരിയുടെ കാലത്ത് നിങ്ങൾ വീണ്ടുമത് വായിച്ചാൽ ഒരുപാടുപേരെ നാം ഓർമ്മിക്കും.

കോവിഡ് ബാധിച്ചു മരണപ്പെട്ട ഉറ്റവരും ഉടയവരും ആയ നമമുടെ പ്രിയപ്പെട്ടവർ, കോവിഡ് ബാധിതരായി ഒറ്റയ്ക്ക് മുറിക്കുള്ളിൽ അകപ്പെട്ടവർ, ഐ.സി.യു.വിലും വെൻ്റിലേറ്ററിലുമുള്ളവർ, ആശുപത്രികൾ തേടിയലഞ്ഞ് ഇടം കിട്ടാതെ മരണം മുന്നിൽ കണ്ട് വലയുന്നവർ, പ്രാണവായുവിനായി പിടയുന്നവർ, ക്വാറന്റീന്റെ ഏകാന്തതയിലും ഭീതിയിലും എരിയുന്നവർ, രോഗം പിടിപെടുമോ എന്ന ഭീതിക്കും മരണഭയത്തിനും അടിമപ്പെട്ടവർ …

അവർക്കൊക്കെ വേണ്ടത് ഈ പ്രത്യാശയാണ്. ജോൺസിക്കു ലഭിച്ച പ്രത്യാശ.
എല്ലാം അതിജീവിക്കും.
എല്ലാ ഭീതികളും വേദനകളും വിട്ടൊഴിയുന്ന ഒരു പ്രഭാതത്തിൽ വീണ്ടും ജനാലയ്ക്കപ്പുറം ഇലകൾ തളിർക്കും, വസന്തം പൂവിടും എന്ന പ്രത്യാശ.

ആ പ്രത്യാശയുടെ ഇലകൾ എന്റെസഹോദരീ സഹോദരങ്ങൾക്ക് വേണ്ടി വരച്ചുവെക്കുവാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്… വാക്കിലൂടെ, പ്രവൃത്തിയിലൂടെ, സാന്ത്വനത്തിലൂടെ, കരുണയിലൂടെ, കരുതലിലൂടെ…

അസ്ഥി തുളച്ചുകയറുന്ന തണുപ്പിൽ നിന്നുകൊണ്ട് ആ ഇല വരച്ചുവെച്ച വൃദ്ധകലാകാരനെപ്പോലെ സ്വന്തം ജീവൻ മറന്ന് പലരും അവർക്കുവേണ്ടി ചിത്രം വരക്കുന്നുണ്ട്…
ഡോക്ടർമാർ , നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ ജീവനക്കാർ,
മറ്റെല്ലാ തലങ്ങളിലുമുള്ള ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ, കർമ്മസമിതി അംഗങ്ങൾ, അന്നം ഊട്ടുന്നവർ,
സന്നദ്ധപ്രവർത്തകർ, അങ്ങനെ അതുപോലെ ഒത്തിരിയൊത്തിരിപ്പേർ…

അവരെപ്പോലെ നമുക്കോരോരുത്തർക്കും കടമയുണ്ട്; ജീവന്റെ
പ്രത്യാശയുടെ, സ്നേഹത്തിന്റെ കരുതലിന്റെ ഇലകൾ വരയ്ക്കുവാൻ……… ഈശ്വരൻ നമ്മെ പ്രാപ്തരാക്കട്ടെ ……

Advertisements