Tag: Ithirivettom

ഇത്തിരിവെട്ടം 14

#ഇത്തിരിവെട്ടം 14

പ്രമുഖ ആംഗ്ലോ-അമേരിക്കൻ കവിയും നാടക രചയിതാവും വിമർശകനുമാണ് തോമസ് സ്റ്റേൺസ് എലിയറ്റ്. എലിയറ്റ് തന്റെ തരിശ്ഭൂമി എന്ന കവിതയിൽ പറയുന്നുണ്ട് “ജീവനോടെയിരുന്നവൻ ഇപ്പോൾ മൃതനായിരിയ്ക്കുന്നു; ജീവനോടെയിരുന്ന നാം
ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുന്നു.അല്പം ക്ഷമയോടെ!”ജീവിച്ചു മരിക്കുന്നവരും മരിച്ചു ജീവിക്കുന്നവരും നമ്മുടെ ചുറ്റുപാടും വളരെയധികമാണ്. വിഷമതകൾ, നിരാശകൾ, ഒറ്റപ്പെട്ടുപോകുന്നു എന്ന തോന്നൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇങ്ങനെ പലതുമാകാം മരിച്ചു ജീവിക്കാൻ ഉള്ള കാരണങ്ങൾ. ഇങ്ങനെ ഉള്ള മരിച്ചു ജീവിക്കലുകളിൽ മനുഷ്യർ എന്നും തിരയാറുണ്ട് ആരെയെങ്കിലും – തന്നെ ഒന്നു ചേർത്തുനിർത്താൻ. ഈ തിരച്ചിലുകൾ തന്നെയാണ് സൗഹൃദം, പ്രണയം, സ്നേഹം എന്നതിലേക്ക് വളരുക. ആരാണോ നമ്മുടെ ഇല്ലായ്മകളിൽ വിഷമതകളിൽ നമ്മെ ചേർത്തു നിർത്തുന്നത് ആരാണോ അവരാകും നമ്മുടെ ചങ്കു ബ്രോസ്, അവരോടാകാം നമ്മുടെ യഥാർത്ഥ പ്രണയം പോലും. എല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോൾ നെഞ്ചിൽ ചേർന്നു നിന്നൊന്നു പൊട്ടിക്കരയാൻ, സന്തോഷം വരുമ്പോൾ ഓടിച്ചെന്നൊന്നു ഹായ് ഫൈവ് പറയാൻ, ആരാണോ നമ്മുടെ കൂടെയുള്ളവർ അവരാണ് യഥാർത്ഥത്തിൽ നമ്മെ ചേർത്തുനിർത്തുന്നവർ. ആരും കണ്ണീര് കാണാതിരിക്കാൻ മഴയത്തു കൂടെ നടക്കുമ്പോൾ ഒരു കുടയുമായി ഓടിയെത്തി സാരമില്ലെടാ നിന്റെ കൂടെ ഞാനില്ലേ എന്നു പറയുന്ന ചില ചേർത്തുനിർത്തലുകൾ. ഒരു മാലാഖയുടെ കൈ പോലെ എന്നെ സഹായിക്കാൻ ഓടിയെത്തുന്നവർ. ഞാൻ ഓർത്തില്ലേലും എന്റെ ബർത്തഡേ ഓർത്തു എന്നെ വിഷ് ചെയ്യുന്നവർ.

രണ്ട് മൂന്നു ദിവസംമൊബൈലിൽ വിളികളോ മെസ്സേജ്കളോ കാണാഞ്ഞാൽ നിനക്ക് എന്തുപറ്റി എന്നു ചോദിക്കുന്നവർ. വാട്സ്ആപ്പ് ലെയോ ഫ്‌ബി ലെയോ ഇൻസ്റ്റയിലെയോ ഡിപി കൾ ബ്ലാങ്കോ മൂഡോഫ്കളുടെയോ സിമ്പലുകളോ ആയാൽ, ഡെയ് മരമാക്രി എന്തെടെ ഫുൾ ശോകമാണല്ലോ എന്നൊക്കെ പറഞ്ഞു നമ്മളെ നമ്മളു പോലും അറിയാതെ ചേർത്തു നിർത്തുന്ന മനുഷ്യർ. അവരാണ് പല മനുഷ്യരെയും ജീവിപ്പിക്കുന്നത്.

ക്‌ളിന്റ് ഈസ്റ്റ് വുഡ് ന്റെ ഒരു സിനിമയുടെ പേരാണ് ട്രൂ ക്രൈം (1999).ചെയ്യാത്ത തെറ്റിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫ്രാങ്ക് എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ ജീവിതത്തിലെ അവസാനത്തെ ദിവസം.അര്‍ദ്ധരാത്രി പന്ത്രണ്ട് മണി പിന്നിട്ട് ഒരു മിനിറ്റ് കഴിയുമ്പോള്‍ അയാളുടെ ജീവിതം അവസാനിക്കും. വിഷം കുത്തിവച്ചാണ് അയാളെ കൊല്ലുക.ജയിലില്‍ അയാളെ കാണാന്‍ ഭാര്യയും കുഞ്ഞുമകളും വരികയാണ്. അവര്‍ ആഹ്‌ളാദഭരിതമായൊരു കുടുംബജീവിതം നയിച്ചിരുന്നവരാണ്. മകള്‍ അച്ഛന്‍ വീട്ടില്‍ വരാത്തതില്‍ വലിയ വിഷമത്തിലാണ്, പരിഭവത്തിലും. അച്ഛന് സമ്മാനിക്കാനായി താന്‍ ഒരു ചിത്രം വരച്ചു കൊണ്ടു വന്നിരിക്കുകയാണെന്ന് അവള്‍ പറയുന്നു. ഒരു പുല്‍മേടിന്റെ ചിത്രം. പക്ഷെ അതിന് നിറം നല്‍കിത്തീര്‍ന്നിട്ടില്ല. അച്ഛനൊപ്പം ഇരുന്ന് നിറം നല്‍കാനാണ് അവളുടെ പദ്ധതി. കുറച്ചു മണിക്കൂറുകള്‍ കൂടി കഴിയുമ്പോള്‍ അവര്‍ വേര്‍പെടും. അവരിനിയൊരിക്കലും പരസ്പരം കാണില്ല.

ഇത്തരമൊരു രംഗം, അതിന്റെ അതിനാടകീയമായ അംശങ്ങളിലേക്ക് വഴുതിപ്പോകാതെ എന്നാല്‍ അതിന്റെ വൈകാരികതീവ്രതയും ആ നഷ്ടത്തിന്റെ ആഴത്തെയും ഒരു സിനിമയില്‍ പ്രതിഫലിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ പ്രതിഭാശാലികളായ സംവിധായകര്‍ ഇത്തരം വെല്ലുവിളികളെ അനായാസം മറികടക്കുന്നത് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.ഇവിടെ ഫ്രാങ്കിനെ കെട്ടിപ്പിടിച്ച് ഭാര്യ വിങ്ങിപ്പൊട്ടുന്നുണ്ട്.. പക്ഷെ ഫ്രാങ്ക് അവള്‍ ധൈര്യമായിരിക്കുമെന്ന വാഗ്ദാനത്തെ ഓര്‍മിപ്പിക്കുന്നു. ഭാര്യ കണ്ണുനീര്‍ തുടയ്ക്കുന്നു.നമ്മുടെ മകള്‍ എന്നെപ്പറ്റി ഓര്‍ത്ത് ഇരിക്കാനിടയാവരുത് – ഫ്രാങ്ക് അവസാനത്തെ ആവശ്യം പിന്നെയും പറയുന്നു. ഭാര്യ ഉറപ്പുനല്‍കുന്നു. പക്ഷെ അവള്‍ വീണ്ടും വിങ്ങിപ്പൊട്ടിപ്പോവുന്നു.

അപ്പോള്‍ മകള്‍ ചിത്രത്തിന് നിറം നല്‍കുന്നിതിന്റെ പ്രശ്‌നങ്ങളിലാണ് : ‘ അമ്മേ, പച്ച കാണുന്നില്ല.’

‘ അത് ആ ക്രയോണിന്റെ കൂട്ടത്തിലുണ്ട്. നീ നോക്കിയെടുക്കൂ ‘.’ ഇല്ല, കാണുന്നില്ല, പച്ച മാത്രമില്ല ‘.’ ഉണ്ട്. നീ നോക്കൂ. ” ഇല്ല. ” എന്നാല്‍ നീ വേറൊരു നിറം ഉപയോഗിക്കൂ’.’ ഇല്ല ‘ അവള്‍ കരയുന്നു : ‘ പുല്‍മേടിന് പച്ച തന്നെ വേണം. പച്ചയ്ക്ക് പകരം വേറൊരു നിറം എങ്ങനെ ശരിയാവും ? ‘കഴിഞ്ഞു. അത്ര ലളിതമായി വിഷയം പറഞ്ഞു കഴിഞ്ഞു. ചില കാര്യങ്ങള്‍ക്ക് മറ്റൊന്നും പകരം വയ്ക്കാനാവില്ല.പച്ചയ്ക്ക് പച്ച തന്നെ വേണം.

ഫ്രാങ്ക് എന്ന അച്ഛനൊരു പകരക്കാരനെ അവളുടെ ജീവിതത്തില്‍ ലഭിക്കില്ല എന്ന് സംവിധായകന്‍ കാണികളോട് പറഞ്ഞു കഴിഞ്ഞു.കൂടിക്കാഴ്ച അവസാനിച്ച് അവര്‍ പുറത്തേക്കു പോവുമ്പോള്‍ അവള്‍ ശിശുസഹജമായ എല്ലാ നിഷ്ങ്കളങ്കതയോടും കൂടി ചോദിക്കുന്നുണ്ട്, അച്ഛന്‍ എന്നാണ് ഇവരെയെല്ലാം കൊന്നിട്ട് വീട്ടിലേക്ക് വരുന്നതെന്ന്. എന്നിട്ടവള്‍ കരച്ചിലിനിടയില്‍ അയാള്‍ക്ക് ഗുഡ്‌ബൈ പറയുന്നു. നമ്മളവളെ കാണുന്നില്ല. ആ വേദനയുടെ , നഷ്ടത്തിന്റെ , നിഷ്ക്കളങ്കമായ കുഞ്ഞു ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. ഹൃദയമുള്ളവർ ഈ രംഗത്ത് കരഞ്ഞുപോവും. ഇതിലെ ആ പച്ച നിറം പോലെ നമുക്ക് പകരം വക്കാൻ പറ്റാത്ത ഒരു പറ്റം ചേർത്തുരുർത്തലുകളുണ്ട്. അതുകൊണ്ട് ഈ സ്നേഹം, പ്രണയം, സൗഹൃദം ഇവയൊക്കെ തേടി ഇറങ്ങുമ്പോൾ ഇവയൊക്കെ എന്താണെന്നു ചോദിക്കാറുണ്ട്. സ്നേഹം സൗഹൃദം പ്രണയം ഇവയൊക്കെ നമ്മൾ തേടി പോകേണ്ടതല്ല മറിച്ചു വന്നു ചേരുന്നതാണ്. ഇവക്കൊക്കെ ഒരേയൊരു നിർവചനം ഉണ്ടേൽ അത് മറ്റൊന്നുമല്ല -ചേർത്തുനിർത്തൽ, ചേർന്നിരിക്കുക എന്നു മാത്രമാണ്.
മൂന്നിൽ ഏതു തരം ബന്ധവുമായിക്കൊള്ളട്ടെ – ചേർന്ന് നിൽക്കുന്ന അല്ലെങ്കിൽ ചേർത്തു പിടിക്കുന്ന ആളെ ഒരു പ്രശ്നം വരുമ്പോൾ അതറിയിക്കാതെ തനിയെ ആ വിഷമം ഉള്ളിൽ കൊണ്ടു നടക്കുന്നത് എന്തു തരം സ്നേഹമാണ്? അതാണ് ശരിക്കും ആത്മാർത്ഥതയില്ലായ്മ.പ്രശ്നങ്ങൾ ഒതുങ്ങി കഴിഞ്ഞ് വീണ്ടും തിരികെ എത്തുമ്പോൾ മറ്റേയാൾ അനുഭവിക്കുന്ന ഒരു അന്യതാ ബോധമുണ്ടല്ലോ – പൊടുന്നനെ ഒഴിവാക്കപ്പെട്ടതിന്റെ വേദന – അത് വലിയൊരു നീറ്റലാണ്.

ഈ ചേർത്തുനിർത്തലുകൾ പരസ്പരം എപ്പോളും കാണുന്നതോ, തൊടുന്നതോ, സ്വന്തമാക്കുന്നതോ അല്ല. നീ എന്നെയും ഞാൻനിന്നെയും എത്രമാത്രം മനസിലാക്കുന്നു എന്നുള്ള തിരിച്ചറിവാണ്. നിലക്കാത്ത പ്രകടനങ്ങളല്ല നിശ്ശബ്ദമായ കരുതലാണ് ഈ ചേർത്തു നിർത്തലുകൾ നിറങ്ങളുടെ ആഘോഷമല്ല നഓര്‍മകളുടെ ഉത്സവമാണ് ഈ ചേർത്തുനിർത്തലുകൾ. പരസ്പരമുള്ള ഇഷ്ടങ്ങളുടെ ആധിപത്യമല്ല, പരസ്പരമുള്ള അംഗീകരിക്കലുകളാണിത്.

ഉൾക്കണ്ണുകൊണ്ടു മറ്റൊരു വ്യക്തിയെ പൂർണമായും കാണുന്നതാണ്. യഥാർത്ഥമായ ഈ ചേർന്നിരിക്കലുകളുകൾ മനസുകളുടെ ചേർന്നിരിക്കലുകൾ തന്നെ. ഒരുത്തരത്തിലെ സ്നേഹധിക്യം.എല്ലാ ബന്ധങ്ങളും ചേർന്നിരിക്കാനും ചേർത്തു പിടിക്കാനും ഉള്ളതാണ്. കാര്യസാദ്ധ്യങ്ങൾക്കായി ചേരാനും അകലാനും ഉള്ളതല്ല. ചേർന്നിരിക്കുക എന്നത് അത്ര എളുപ്പമല്ല. നിരന്തരമായ ഇടപെടലുകളിലൂടെ, പരസ്പരമുള്ള അറിയലുകളിലൂടെ ഉള്ളിൽ നിന്നും ഉണർന്നു വരുന്ന ഒന്നാണത്. ചേർന്നിരിക്കലിന്റെ ഉണർത്തുപാട്ടുകൾ മനുഷ്യരിൽ ഉണരട്ടെ. പകരം വെക്കാൻ പറ്റാത്ത നല്ല ചേർന്നിരിക്കലുകൾ ഒരു മുതൽ കൂട്ടാണ്. ചേർത്തു നിർത്തുക, ചേർന്നിരിക്കുക.

✍️# sjcmonk (#Shebinjoseph) #life  #motivation