സ്കൂളുകളിലും കോളേജുകളിലും ക്ലാസ്സുകൾ ആരംഭിക്കുന്നു, സിനിമാ തിയേറ്ററുകൾ തുറക്കുന്നു, വാക്സിൻ വരുന്നു…. ചുറ്റും ശുഭസൂചകമായ വാർത്തകൾ ആണല്ലോ?! അപ്പോൾ കോവിഡ് പ്രതിസന്ധിയിൽ നിന്നും നാം കര കയറിയെന്നാണോ?
ഒരു കഥ പറയാം,
പണ്ടൊരു കുറുക്കൻ ആകസ്മികമായി ഒരു തടാകക്കരയിൽ വെച്ച് ഒരു സിംഹത്തിന്റെ മുന്നിൽ വന്നു പെട്ടു, പേടിച്ചരണ്ട കുറുക്കൻ ഒന്നും ചെയ്യാനാവാതെ വിറച്ചു നിന്ന് പോയി. അല്പം സമയത്തിന് ശേഷം കുറുക്കൻ സമചിത്തത വീണ്ടെടുത്ത് ഓടി അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ കയറി ഒളിച്ചു. പിന്നീട് ഉള്ള ദിവസങ്ങളിൽ കുറുക്കൻ അതീവ ജാഗരൂകനായി, ആ വഴി വെള്ളം കുടിക്കാൻ പോവുന്നത് ഒഴിവാക്കി മറ്റു സ്ഥലങ്ങളെ ആശ്രയിച്ചു. സിംഹത്തിന്റെ ഇരയാവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളോടും കുറുക്കൻ ഈ വിവരം പങ്കു വെച്ചു. വേനൽ വന്നു, വെള്ളം സമൃദ്ധമായി കിട്ടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതായി. കുറുക്കന് വീണ്ടും റിസ്ക് എടുത്ത് സിംഹത്തെ കണ്ട ജലാശയത്തിലേക്ക് പോകേണ്ടി വന്നു. മൃഗങ്ങൾ എല്ലാവരും കൂടി ഇക്കാലയളവിൽ സിംഹത്തിനെ നിരീക്ഷിച്ചു. സിംഹം എന്തൊക്കെയാണ് ചെയ്യുന്നത്, എങ്ങനെ ഒക്കെയാണ് പെരുമാറുന്നത്, ഇരപിടിക്കുന്നത് എന്നൊക്കെ കണ്ടെത്തുകയും പരസ്പരം പങ്കു വെക്കുകയും ചെയ്തിരുന്നു. അതിനാൽ വെള്ളം കുടിക്കാൻ തടാകത്തിലേക്ക് പോകുമ്പോൾ എങ്ങനെ സിംഹത്തെ ഒഴിവാക്കി അപകടത്തിൽ പെടാതിരിക്കാം എന്ന് അവർ മനസ്സിലാക്കി. സിംഹം ഇല്ലാത്ത സമയം നോക്കി പെട്ടന്ന് പോയി വെള്ളം കുടിച്ചു വരാനും പഠിച്ചു.
കുറെ നാളുകൾ കഴിഞ്ഞു. ഒരു ദിവസം കുറുക്കൻ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ, സിംഹം അല്പം അകലെ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. പക്ഷേ, കുറുക്കനെ കണ്ടിട്ടും സിംഹം മൈൻഡ് ചെയ്യുന്നേയില്ല. ധൈര്യം കൈവരിച്ച കുറുക്കൻ പിന്നീടും ഇത് ആവർത്തിച്ചു നോക്കി. എന്നിട്ടും സിംഹം ഒന്നും ചെയ്യുന്നില്ലെന്നു കണ്ട കുറുക്കൻ “ഹിതോക്കെയെന്ത്!” എന്ന ഭാവത്തിൽ സിംഹത്തിന്റെ തൊട്ടടുത്തു നിന്നും വെള്ളം കുടിയും കുളിയും ഒക്കെ തുടങ്ങി. എന്നാൽ മറ്റൊരിടത്തു നിന്നും ഇരപിടിച്ചിട്ടായിരുന്നു സിംഹം ഇവിടെ വെള്ളം കുടിക്കാൻ വന്നിരുന്നത് എന്ന വിവരം കുറുക്കൻ അറിഞ്ഞിരുന്നില്ല. സിംഹത്തിന് മറ്റു ഇരകളെ കിട്ടാത്ത ഒരു ദിവസം വന്നു. സിംഹത്തിന് പുല്ലു വില കൊടുക്കാതെ മുന്നിൽ ചെന്ന് നിന്നു കൊടുത്ത കുറുക്കനെ സിംഹം ഒറ്റയടിക്ക് കടിച്ചു മുറിച്ചു ശാപ്പിട്ടു.
കഥയിലെ ഗുണപാഠം പിടി കിട്ടിയല്ലോ?
കൊറോണ വൈറസ് എങ്ങും പോയിട്ടല്ല നമുക്ക് നിയന്ത്രണങ്ങൾ നീക്കേണ്ടി വന്നത്. ജീവിതം നിലനിർത്താൻ വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ ഈ നിർണായ ഘട്ടത്തിൽ പടിക്കൽ കൊണ്ട് നാം കലം ഉടയ്ക്കരുത്, കഥയിലെ വിഡ്ഢിയായ കുറുക്കനാവരുത്. (കഥയുടെ ആശയം സുഹൃത്ത് Lisan)
കൊറോണ വൈറസിനോടുള്ള കരുതൽ നമ്മൾ ഒരു വർഷം മുൻപ് തുടങ്ങിയതാണ്. അത് കൊണ്ട് നമ്മൾ ഇത് വരെ അതിജീവിച്ചു, ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും, എന്തിന്, നമ്മുടെ നാട്ടിൽ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ഒരു ആരോഗ്യ അടിയന്തിരാവസ്ഥയോ, മരണങ്ങളോ ഇവിടെ ഉണ്ടായില്ല. രോഗികളുടെ എണ്ണം ഒറ്റയടിക്ക് കൂടി ആരോഗ്യ സംവിധാനങ്ങൾ തകർന്നില്ല. പകരം “ഫ്ളാറ്റനിങ് ഓഫ് ദി കേർവ്” എന്നൊക്കെ സാങ്കേതികമായി വിശേഷിപ്പിക്കുന്ന രീതിയിൽ വാക്സിൻ എത്തുന്നതിന് അരികെ വരെ നാം എത്തി. കേന്ദ്ര സർക്കാർ ഇന്ത്യ മൊത്തം ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ഘട്ടം ഘട്ടമായി അൺലോക്ക് ചെയ്തതിന് ഒപ്പം തന്നെ നമ്മളും നിയന്ത്രണങ്ങൾ ഓരോന്നായി നീക്കി. ജീവൻ രക്ഷിക്കുമ്പോൾ തന്നെ ജീവനോപാധികളും പരിപാലിക്കേണ്ടതുണ്ടല്ലോ.
ഈ ഒരു അവസരത്തിൽ കുറച്ച് നെഗറ്റീവ് ആകുന്നതിൽ ക്ഷമിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള കോവിഡ് കണക്കുകൾ അത്ര ശുഭലക്ഷണം അല്ല കാണിക്കുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നു, ആകെ ടെസ്റ്റ് ചെയ്യുന്നവരിൽ പോസിറ്റീവ് ശതമാനവും കൂടുന്നു. കോവിഡ് ഐസിയുകൾ എല്ലാം നിറഞ്ഞു തന്നെയിരിക്കുന്നു. കോവിഡ് ആശുപത്രികളിൽ കട്ടിലിന് ക്ഷാമം അനുഭവപ്പെടുന്നു. ഓരോ ദിവസവും മരണപ്പെടുന്നവരുടെ എണ്ണവും കൂടുന്നു.
അതായത് കോവിഡ് ഇവിടെയൊക്കെ തന്നെ ഉണ്ട്. വീണ്ടും ഒരു തരംഗത്തിനായി തക്കം പാർത്തുകൊണ്ട്.
അമേരിക്കയും, യൂറോപ്പും, മിഡിൽ ഈസ്റ്റും ഉൾപ്പെടെ നമുക്ക് മുമ്പേ സഞ്ചരിച്ച പല രാജ്യങ്ങളിലും എല്ലാം ഇതേ കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. അതു കാണാതിരിക്കരുത്, അതിൽ നിന്ന് പാഠം പഠിക്കാതിരിക്കരുത്. കോവിഡിന്റെ താണ്ഢവത്തിനു ശേഷം ഹേർഡ് ഇമ്യൂണിറ്റി കൈവരിച്ചിട്ടുണ്ടാവും എന്നു കരുതിയ പലസ്ഥലങ്ങളിലും രോഗവും മരണവും കുത്തനെ കൂടുന്നത് നാം കണ്ടു കഴിഞ്ഞു.
കേരളത്തിൽ മരണശതമാനം വളരെ കുറവല്ലേ, പിന്നെ എന്തിന് ഭയം?
2021 ജനുവരി മാസം കേരള സർക്കാർ ആരോഗ്യ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കൊന്നു പരിശോധിക്കണം. കേരളത്തിൽ ഇതു വരെ കോവിഡ് സ്ഥിരീകരിച്ച ആളുകളിലെ മരണത്തിൻ്റെ ശതമാനം പ്രായം തിരിച്ച് കൊടുത്തിരിക്കുന്നത് കാണാം. എഴുപതിനും എൺപതിനും ഇടയിൽ പ്രായം ഉള്ളവരുടെ മരണ ശതമാനം 2.87 ആണ്. അതായത് ഈ പ്രായക്കാരിൽ 100 പേർക്ക് രോഗം വന്നാൽ അതിൽ 3 പേര് വരെ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് അർഥം. കേരളത്തിലെ കോവിഡ് മരണത്തിൻ്റെ യഥാർത്ഥ കണക്ക് ഔദ്യോഗിക കണക്കിനേക്കാൾ കൂടാനാണ് സാധ്യത. 60 നും 70 നും ഇടയിൽ പ്രായം ഉള്ളവരിൽ ഇത് 1.48 ഉം 80 നും 90 നും ഇടയിൽ 4.55 ഉം ആണ്. അതായത് 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് കോവിഡ് വന്നാൽ മരണ സാധ്യത അത്ര കുറവല്ല. മറ്റൊരു കണക്ക് സൂചിപ്പിക്കുന്നത് മരിച്ചവരിൽ 95% മറ്റു പലതരം രോഗം ഉള്ളവരും 5% രോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരും ആയിരുന്നു എന്നതാണ്.
ഒരിക്കൽ ഇറ്റലിയിലേയും അമേരിക്കയിലേയും ജനങ്ങളുടെ അന്തകനായി നാം വായിച്ചറിഞ്ഞ കോവിഡ് നമ്മുടെ കുടുംബത്തിൽ നിന്നും അയൽപക്കത്തു നിന്നും പലരേയും കൊണ്ടുപോയി. സ്വന്തം പരിചയത്തിൽ ഉള്ള ഒരാളെയെങ്കിലും കോവിഡ് കാരണം നഷ്ടപ്പെടാത്ത ആരും ഇന്നിത് വായിക്കുന്നവരിൽ ഉണ്ടാവില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനത്തെ അത് പ്രതികൂലമായി ബാധിക്കാനും മരണ നിരക്ക് ഇനിയും കൂടാനും ഉള്ള സാധ്യതയും കരുതിയിരിക്കണം.
രോഗികളുടെ എണ്ണം കൂടിയത് അപ്രതീക്ഷിതമോ?
രോഗികളുടെ എണ്ണത്തിൽ ഒരു വലിയ കയറ്റത്തിന് ശേഷം ഉണ്ടായ ഇറക്കം, വാക്സിൻ വന്നു എന്ന വാർത്ത, സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ… ഇതെല്ലാം ഒരല്പം ആത്മവിശ്വാസക്കൂടുതൽ നമ്മളിൽ ഉണ്ടാക്കിയോ, സുരക്ഷാ നിർദ്ദേശങ്ങൾ അനുവർത്തിക്കുന്നതിൽ ഉപേക്ഷകൾ ഉണ്ടായോ എന്ന് വിമർശന ബുദ്ധിയോടെ നാം ആലോചിക്കേണ്ടതാണ്.
കോവിഡിനെ കുറിച്ച് മനസ്സിലാക്കിയിടത്തോളം ഇതിൻ്റെ ആക്രമണം കടലിലെ തിരമാലകൾ പോലെയാണ്. ഒന്ന് ശമിച്ച ശേഷം മറ്റൊന്ന്. ചിലത് ശക്തി കുറഞ്ഞതെങ്കിൽ ചിലത് വളരെ ശക്തി കൂടിയത്.
വാക്സിൻ ആരംഭഘട്ടത്തിൽ എത്തിയതേയുള്ളൂ. വലിയ ശതമാനം ആളുകളിലേക്കെത്താൻ ഇനിയും മാസങ്ങളെടുക്കും. പകർച്ചവ്യാധി കെട്ടടങ്ങുന്ന തരത്തിൽ ബഹുഭൂരിപക്ഷം ആൾക്കാർ പ്രതിരോധശക്തി നേടുന്ന സമയം കൈവരിക്കാൻ ഇനിയെത്ര നാൾ എന്നത് ആർക്കും ഉറപ്പിച്ചു പറയാറായിട്ടില്ല. അതുകൊണ്ട് സൂക്ഷ്മത കൈവിടാതിരിക്കാം.
മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞല്ലോ, കേരളത്തിലാണല്ലോ ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും, ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റും മറ്റും?!
മറ്റു പല സംസ്ഥാനങ്ങളും കുറച്ചു മാസങ്ങൾക്ക് മുൻപ് തന്നെ സമാന അവസ്ഥയിലൂടെ കടന്നു പോയിരുന്നു. കേരളത്തിന്റെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ഏകദേശം ഇരട്ടിയോളം എത്തിയിരുന്നു മഹാരാഷ്ട്രയിലൊക്കെ.
എന്നാൽ നിലവിൽ അവിടങ്ങളിൽ നിന്നും വിഭിന്നമായി രോഗബാധിതരാവാൻ സാധ്യത കൂടുതലുള്ള ആളുകളുള്ള, രോഗാണുക്കൾക്ക് പടർന്നു പിടിക്കാൻ കൂടുതൽ ഘടകങ്ങൾ ഉള്ള സമൂഹമാണ് കേരളത്തിൽ. താരതമ്യേന ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിൽ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ആയുർദൈർഘ്യം കൂടുതലാണെന്നും വയോധികരുടെ ശതമാനം ഉയർന്നതാണെന്നും കാണാം.
കോവിഡ് നമ്മളുടെയും വേണ്ടപ്പെട്ടവരുടെയും ജീവനും ആരോഗ്യവും കവരാതിരിക്കാൻ നാം ഇനിയെന്താണ് ചെയ്യേണ്ടത്?
കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചു, ആകാംക്ഷയോടെയാണ് സംസാരിച്ചത്. സുഹൃത്തിന്റെ ഹെൽമെറ്റ് കുറെ മണിക്കൂറുകൾ ഉപയോഗിച്ചതിന്റെ പിറ്റേന്ന് സുഹൃത്ത് കോവിഡ് പോസിറ്റിവായത്രേ! രോഗഭീതിയിലാണ് അദ്ദേഹം വിളിക്കുന്നത്, നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ എത്ര നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നുവെന്ന്!
കരുതലും ജാഗ്രതയും പറച്ചിലിൽ മാത്രം പോരാ പ്രവൃത്തിയിലും തുടരണം. നിത്യവൃത്തിക്കായും, ജീവനോപാധികൾക്കായും, അവശ്യ കാര്യങ്ങൾക്കായും ജോലികൾ ചെയ്യേണ്ടി വരും, യാത്രകൾ നടത്തേണ്ടി വരും. എന്നാൽ അപ്പോഴും മാസ്ക് പോലുള്ള സുരക്ഷാ ഉപാധികളെ നിസ്സാരവൽക്കരിക്കരുത്. മാസ്ക് മാസ്കിന്റെ സ്ഥാനത്തു തന്നെ ഇരിക്കട്ടെ.
വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ മുറികളിലുള്ള ഇടപഴകൽ ഒഴിവാക്കുക, അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുക, ഒഴിവാക്കാവുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കുക, ആവശ്യമില്ലാത്ത യാത്രകൾ കുറച്ചു നാൾ കൂടി മാറ്റിവെക്കുക. ജീവൻ ബാക്കി ഉണ്ടാവുക എന്നതാണല്ലോ പരമപ്രധാനം.
സിനിമ തീയറ്ററുകൾ തുറന്നു. തീയേറ്ററുകൾക്ക് മുന്നിൽ വലിയ ആൾക്കൂട്ടത്തിന്റെ ചിത്രങ്ങൾ കണ്ടു തുടങ്ങി. ബീച്ചുകളും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും തിങ്ങി നിറഞ്ഞു. കാണുന്ന ചിത്രങ്ങളിൽ മാസ്ക് താടിയിലും ചെവിയിലും! വ്യായാമവും വിനോദവും ഒക്കെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ് എന്നതിൽ ഒരു തർക്കവുമില്ല. പക്ഷേ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ അതിലേറെ അപകടകരമാണ് എന്ന് മറക്കരുത്.
കല്യാണങ്ങളും ആഘോഷങ്ങളും ഒക്കെ പലസ്ഥലങ്ങളിലും പഴയതുപോലെ ആയി തുടങ്ങി. പല ചടങ്ങുകളിലും കോവിഡ് മുൻകരുതലുകൾ കാറ്റിൽ പറത്തുന്നു. ആഘോഷങ്ങളും സന്തോഷങ്ങളും വേണ്ട എന്നല്ല, പക്ഷേ മുൻകരുതലുകൾ മറക്കാൻ പാടില്ല.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്താൽ എല്ലാ ചടങ്ങുകളിലും ഇപ്പോൾ കാണുന്ന പ്രധാനവ്യത്യാസം “കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം” എന്ന അറിയിപ്പാണ്. പക്ഷേ പലസ്ഥലങ്ങളിലും ഈ അറിയിപ്പ് എന്തോ ആചാരം പോലെ എഴുതിവെക്കുന്നത് മാത്രമേ കാണാറുള്ളൂ, പലസ്ഥലങ്ങളിലും പാലിക്കുന്നത് കാണാറില്ല.
ഒന്ന് ആലോചിക്കൂ… ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്തു തുടങ്ങി. ഏതാനും മാസങ്ങൾകൊണ്ട് എല്ലാവർക്കും വാക്സിൻ ലഭിക്കുന്ന അവസ്ഥ സംജാതമാകും എന്നു തന്നെ പ്രതീക്ഷിക്കാം. അത്രയും കാലം കൂടി ഒന്ന് പിടിച്ചുനിന്നു കൂടെ ? പടിക്കൽ എത്തിയിട്ട് കലം ഉടക്കണോ ? അല്ലെങ്കിൽ തന്നെ വൈറസ് മ്യൂട്ടേഷൻ എങ്ങനെയൊക്കെ ആയിരിക്കാം അത് വാക്സിൻ പ്രവർത്തനത്തെ എങ്ങനെ ബാധിച്ചേക്കാം എന്നൊക്കെയുള്ള വിശകലനത്തിലാണ് ശാസ്ത്രലോകം. അതിനൊക്കെയുള്ള പഠനങ്ങളും ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അതിനിടയിൽ നമ്മളായി “പണി” ചോദിച്ചു മേടിക്കരുത്.
അതുകൊണ്ട്,
വായും മൂക്കും മൂടി മാസ്ക് ഇരിക്കട്ടെ…
കൈകൾ ശുചിയായി ഇരിക്കട്ടെ…
വീട്ടിലുള്ള വൃദ്ധജനങ്ങൾ നമ്മൾ കാരണം രോഗികളാവാതിരിക്കട്ടെ… കൂടുതൽ പേരുടെ ജീവൻ നഷ്ടമാകാതിരിക്കട്ടെ …
Author: Unknown