Information

കർഷക അവകാശ പ്രഖ്യാപനം –  ഡ്രാഫ്റ്റ്

കർഷക അവകാശ പ്രഖ്യാപനം –  ഡ്രാഫ്റ്റ് 

പ്രകൃതിയിൽ നടക്കുന്ന സൃഷ്ടി പ്രക്രിയയിൽ സർഗ്ഗാത്മകമായ പങ്കാളിത്തം വഹിച്ചുകൊണ്ടു് ജീവിക്കുന്നവരാണ് കർഷകർ. അതുവഴി സമൂഹത്തിൻ്റെ നിലനിൽപ്പിനാവശ്യമായ ഭക്ഷ്യവിളകളും, ജനങ്ങളുപയോഗിക്കുന്ന പല വ്യാവസായിക ഉല്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളായവിളകളും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന ഞങ്ങൾ കർഷകർ നാളിതുവരെ ഏറെക്കുറെ നിശബ്ദരായിരുന്നു. ഞങ്ങളുടെ ഇതുവരെയുള്ള നിശബ്ദത ഞങ്ങളെ പാടെ അവഗണിക്കുന്നതിനുള്ള അവസരങ്ങളാക്കി ഉപയോഗപ്പെടുത്തി വന്ന ശക്തികൾക്കെതിരെയുള്ള അപ്രതീക്ഷിത ഇടിമുഴക്കമായി മാറിയ ദേശീയ കർഷക പ്രക്ഷോഭത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ഇന്ത്യൻ കർഷക സമൂഹത്തിൻ്റെ ആത്മാഭിമാനബോധത്തിൻ്റെ പ്രതിഫലനമായി തുടരുന്ന സമരത്തിൻ്റെ ഇരുന്നൂറാം ദിവസമാണ് ഇന്ന്. ഈ സമരം പ്രസരിപ്പിക്കുന്ന ഊർജ്ജും സ്വന്തം പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അധികാരികളോടും പൊതു സമൂഹത്തോടും നിവർന്നു നിന്ന് സംസാരിക്കാൻ ഞങ്ങൾ കർഷകർക്ക് കരുത്ത് പകരുന്നു. ജൂൺ 5, 6 തിയതികളിൽ NA PM കേരളാ ഘടകം സംഘടിപ്പിച്ച കേരളാ ഫാർമേഴ്സ് അസംബ്ളിയിൽ കേരളത്തിലെ കാർഷിക മേഖലയുടെ പ്രതിസന്ധികളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ഞങ്ങൾ കർഷകർ സംസാരിച്ചത് ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ്. ഫാർമേഴ്സ് അസംബ്ളിയിൽ വിവിധ വിളകൾ കൃഷി ചെയ്യുന്ന ഇരുപത്തഞ്ചോളം കർഷകരും മുപ്പതോളം സ്വതന്ത്ര കർഷക സംഘടനാ പ്രതിനിധികളും പങ്കുവച്ച അഭിപ്രായങ്ങളെ ന ‘അധികരിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അവകാശമായി രണ്ടായിരത്തി ഇരുപത്തിയൊന്നാം മാണ്ട് ജൂൺ മാസം പതിമൂന്നാം തീയതിയായ ഇന്നേ ദിവസം പ്രഖ്യാപിക്കുന്നു .

1. കാർഷിക ഉൽപാദന രംഗത്ത് പ്രായോഗിക അനുഭവജ്ഞാനമുള്ള ഞങ്ങൾക്ക് അക്കാര്യത്തിലല്ല സർക്കാർ സംവിധാനങ്ങളുടെ പിൻബലം ആവശ്യമുള്ളത്. വിളകളുടെ സംഭരണ-സംസ്ക്കരണ – വിപണന രംഗങ്ങളിൽ ആസൂത്രിതവും കാര്യക്ഷമവുമായ സംവിധാനങ്ങളൊരുക്കുക എന്നതാണ് അടിയന്തിര ആവശ്യം. ഇക്കാര്യത്തിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് പ്രധാന പങ്ക് വഹിക്കാനാവും . ശീതികരണ സംഭരണികളും സംഭരണ കേന്ദ്രങ്ങളും ഉൾപ്പടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ പ്രാദേശികമായി ആരംഭിക്കണം.

2. എല്ലാകാർഷിക വിളകൾക്കും ഉൽപ്പാദനച്ചെലവുകളും കേരളത്തിലെ പൊതുവായ ജീവിത ചെലവുകളും കണക്കിലെടുത്തു കൊണ്ടുള്ള താങ്ങുവില ( MSP ) പ്രഖ്യാപിക്കുകയും താങ്ങുവില നൽകി സംഭരിക്കുകയോ അല്ലെങ്കിൽ കമ്പോള വില MSP യിലും കുറവായാൽ കുറവു വരുന്നതുക കർഷകർക്ക് ലഭ്യമാക്കുകയോ ചെയ്യുന്നതിനുളള പദ്ധതികൾ ഉണ്ടാവണം. കൂടാതെ എല്ലാ വിളകളുടെയും M SP കാലാകാലങ്ങളിൽ നിർണ്ണയിക്കുന്നതിന് കർഷകർക്കു കൂടി പങ്കാളിത്തമുള്ള ഒരു സ്വതന്ത്ര ഏജൻസിയുണ്ടാവണം.

3. മറ്റേതൊരു തൊഴിൽ രംഗത്തും ഉള്ളവരെപ്പോലെ ജീവിത സുരക്ഷിതത്വം കർഷകർക്കും അവകാശപ്പെട്ടതാണ്. അതു കൊണ്ടു തന്നെ 60 വയസ്സു കഴിഞ്ഞ കർഷകർക്ക് മാന്യമായ പെൻഷൻ, ക്ഷേമനിധി ആനുകുല്യങ്ങൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവ ഉറപ്പു വരുത്തണം.കൃഷി മുഖ്യ വരുമാന മാർഗ്ഗമായവരെയെല്ലാം ഇക്കാര്യത്തിൽ കൃഷിക്കാരായി പരിഗണിക്കണം.കൃഷി ക്കു പുറമെ കാർഷികാനുബന്ധമായ ഏതെങ്കിലും രംഗത്തു കൂടി പ്രവർത്തിക്കുന്നു എന്ന കാരണത്താലോ അതുമായി ബന്ധപ്പെട്ട ക്ഷേമനിധി പോലുള്ള സ്കീമുകളിലംഗമാണ് എന്നതോ ആദ്യം സൂചിപ്പിച്ച ആനുകുല്യങ്ങൾ നിഷേധിക്കുന്നതിന് കാരണമാവരുത്.

4. കാലാവസ്ഥാമാറ്റം മൂലം കർഷിക രംഗത്തുണ്ടാവുന്ന പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള പഠനങ്ങളും പദ്ധതികളുമുണ്ടാവണം അതിവൃഷ്ടി മൂലമുള്ള മണ്ണൊലിപ്പും മണ്ണിൻ്റെ ഘടനയിൽ ഉണ്ടാവുന്ന മാറ്റങ്ങളും ,വർദ്ധിച്ച കീടബാധയും, വിളനാശവുമെല്ലാം കണക്കിലെടുത്തുള്ള യുക്തിസഹവും ഫലപ്രദവുമായ നടപടികളും വിളകൾക്ക് മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തണം.

5. കേരളത്തിലെ കൃഷി മേഖലകളിൽ വ്യാപകമായി വരുന്ന വന്യമൃ ഗ ശല്യത്തെ നേരിടാൻ പ്രായോഗികവും ഫലപ്രദവുമായ ദീർഘകാല – ഹ്രസ്വ കാല പദ്ധതികളുണ്ടാവണം. വന്യ ജീവികൾ വഴിയുണ്ടാവുന്ന വിളനഷ്ടത്തിന് മാന്യമായ നഷ്ട പരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണം. വന്യ ജീവികളിൽ നിന്നുള്ള അക്രമണ ഭീക്ഷണിയിൽ തൊഴിൽ ചെയ്യുന്നവർ എന്ന നിലയിൽ അത്തരം മേഖലകളിലെ കർഷകർക്ക് റിസ്ക് അലവൻസ് നൽകണം.കൂടാതെ വനങ്ങളിൽ വന്യ ജീവി കൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. വനത്തിലെ ആ വാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ആവശ്യമായ പഠനം നടത്തി വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പദ്ധതികളുമുണ്ടാവണ.

6. ദേശീയ തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് ഓരോ പ്രദേശത്തും കാർഷിക മേഖലയിൽ ചെയ്യേണ്ട പ്രവർത്തി എന്താവണമെന്നു് നിശ്ചയിക്കാൻ പഞ്ചായത്തുതലത്തിൽ കർഷകർക്കുകൂടി പങ്കാളിത്തമുള്ള സംവിധാനങ്ങളുണ്ടാക്കണം.

7. കൃഷിയുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങളും നയരൂപീകരണങ്ങളും നടത്തുമ്പോൾ കർഷകരുമായി കൂടിയാലോചനകൾ നടത്താൻ സ്വതന്ത്ര കർഷക സംഘടനാ പ്രതിനിധികളുൾപ്പെടെയുള്ളവർക്ക് പങ്കാളിത്തമുള്ള സംസ്ഥാന തല സംവിധാനമുണ്ടാകണം.

8. കാർഷിക മേഖലയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന, ഗവേഷണ സ്ഥാപനങ്ങളുൾപ്പെടെയുള്ള എല്ലാ സർക്കാർ അർദ്ധ സർക്കാർ ഏജൻസികളുടെയും ഇതുവരെയുള്ള പ്രവർത്തന മികവു് വിലയിരുത്താൻ കർഷക പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്വതന്ത്ര കമ്മീഷനെ നിയോഗിക്കുക.കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൃഷിഭവൻ മുതലുള്ള ഈ രംഗത്തെ എല്ലാ ഏജൻസികളുടെയും സംവിധാനങ്ങളുടെയും പുന:സംഘടന ആവശ്യമാണ്. അനാവശ്യമായവ നിർത്തലാക്കുക, സമാനമായവ കൂട്ടിയോജിപ്പിക്കുക, നിലനിർത്തുന്നവയെ കാര്യക്ഷമമാക്കുകയും വേണം.

9. ഭൂവിനിയോഗ നയം രൂപപ്പെടുത്തുക. അതനുസരിച്ചാണ് കാർഷിക മേഖലയിലെ എല്ലാ നയങ്ങളും പ്രവർത്തനങ്ങളുമെന്നുറപ്പു വരുത്താൻ ഒരു സ്വതന്ത്ര സംവിധാനമുണ്ടാക്കുക.കൃഷിയിടങ്ങളിലെ മണ്ണ് – ജലസംരക്ഷണ പ്രവർത്തനങ്ങൾ, നിശ്ചിത ഇടവേളകളിലെ ഫലപ്രദമായ മണ്ണ് പരിശോധന, ജൈവ വൈവിധ്യത്തിൻ്റെ അടിസ്ഥാനത്തിൽ കൃഷിഭൂമിയുടെ റാങ്കിംഗ് തുടങ്ങിയവയൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്.

10. സമൂഹത്തിൻ്റെ മൊത്തം നില നിൽപ്പിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും അടിസ്ഥാനമായ ഒരു മേഖല എന്ന നിലയിൽ സമൂഹത്തിൻ്റെ കരുതൽ ആവശ്യമുള്ള രംഗമാണ് കാർഷിക പ്രവർത്തനങ്ങൾ .അതുകൊണ്ടുതന്നെ പ്രത്യേക പരിഗണന ആവശ്യമുള്ള കൃഷിക്ക് നേരിട്ടു് സബ്സീഡികൾ നൽകേണ്ടതാവശ്യമാണ്. കാർഷിക സബ്സിഡികൾ കുറച്ചു കൊണ്ടുവരുന്ന സർക്കാർ നയങ്ങൾ തിരുത്തപ്പെടണം.

മേൽ സൂചിപ്പിച്ച പത്തു കാര്യങ്ങൾ കേരളത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള പൊതു ആവശ്യങ്ങളാണ്. ഓരോ വിളയുടെയും സവിശേഷതകൾ കണക്കിലെടുത്ത് പ്രത്യേകമായ മറ്റ് നിരവധി ആവശ്യങ്ങളും നിലനിൽക്കുന്നുണ്ടു്. അവയെല്ലാം തുറന്ന മനസ്സോടെ സർക്കാരും പൊതു സമൂഹവും മനസ്സിലാക്കാൻ ശ്രമിക്കുക എന്നത് കർഷകലക്ഷങ്ങൾ അർഹിക്കുന്ന നീതി മാത്രമാണ്. കാർഷിക രംഗത്തെ പ്രശ്നങ്ങൾക്കു് ന്യായമായ പരിഹാരം ഉണ്ടാവുക എന്നത് കർഷകരോടുള്ള ഔദാര്യമല്ല, അത് കർഷകരുടെ മാത്രം ആവശ്യവുമല്ല. കാർഷിക രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാവേണ്ടത് നാട്ടിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് ഉണർവ്വുണ്ടാവാനും, ജനങ്ങൾക്കു് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്താനും, പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പുവരുത്താനും ആവശ്യമാണ്. അതു കൊണ്ടു തന്നെ ഭാവി കേരളത്തിൻ്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാൻ സർക്കാരിനോടും പൊതു സമൂഹത്തോടും ഞങ്ങളാവശ്യപ്പെടുന്നു. ഈ ആവശ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കായി പ്രാദേശിക കർഷക കൂട്ടായ്മകൾക്ക് കഴിയുന്നത്ര സ്ഥലങ്ങളിൽ രൂപം കൊടുക്കാനുള്ള നിശ്ചയത്തോടെ ഈ അവകാശ പ്രഖ്യാപനത്തെ കർഷകരായ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു .

Categories: Information

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s