Uncategorized

പാരിജാതം പോലൊരു പെണ്കുട്ടി

രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു ഫാഷൻ ഫ്രുട്ടിന്റെ പന്തലിന് കീഴെ കാറ്റും കൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്ന മുല്ല പൂക്കളുടെ സുഗന്ധവും ആസ്വദിച്ചു ചാരുകസേരയിൽ കിടന്നപ്പോഴാണ് പാരിജാതവും മല്ലിയും ഓർമ്മയിൽ വന്നത്. എല്ലായ്പ്പോഴും പിച്ചിപ്പൂവിന്റെ മാല തലയിൽ ചൂടിയിരുന്ന, മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകൾ എല്ലാം കാട്ടി സദാപുഞ്ചിരിയോടെ നടന്നിരുന്ന പാരിജാതത്തെ കോട്ടഗിരിയിൽ വച്ചാണ് കാണുന്നത്.
എട്ടു വർഷങ്ങൾക്ക് മുൻപ് പഠനത്തിന്റെ ഒരവശ്യവുമായി കോട്ടഗിരിയിൽ പോയിരുന്നു. ഇതുവരെ പോയിട്ടുള്ള സ്ഥലങ്ങളിൽ മനോഹരവും പ്രശാന്തവുമായിട്ടുള്ള, വീണ്ടും പോകണമെന്നും താമസിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണിത്.
ഏകദേശം രണ്ടാഴ്ച്ചയോളം അവിടെ ഉണ്ടായിരുന്നു. പ്രകൃതിയുടെ സ്വച്ഛതയും ശാന്തതയും തണുപ്പുമൊക്കെ ആസ്വദിച്ചുള്ള ഞങ്ങളുടെ പതിവ് സായാഹ്ന സവാരികളിൽ കുറച്ചു സ്‌കൂൾ കുട്ടികളെ കാണാറുണ്ടായിരുന്നു. ചുവപ്പ് കളറിലെ സ്വെറ്ററും സ്കർഫുമൊക്കെ ധരിച്ചു കളിച്ചു ചിരിച്ചു നടക്കുന്ന അവരിൽ പലരുമായും ഞങ്ങൾ ചങ്ങാത്തം കൂടി.

വള്ളിപടർപ്പ് മൂടി കിടക്കുന്ന ഒരു വീടിന്റെ ചിത്രം ക്യാമറയിൽ പകർത്തുമ്പോഴാണ് പുറകിൽ നിന്നും കിൽകിലുന്നൊരു സ്വരം കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ രണ്ടു സുന്ദരികുട്ടികൾ കൗതുകത്തോടെ നോക്കി ചിരിക്കുന്നു. മൂന്നാം ക്ളാസിൽ ആണ് രണ്ടുപേരും പഠിക്കുന്നത്.ഒരാൾ മല്ലി മറ്റേ ആൾ പൂ.. രണ്ടുപേരും നിന്നു പരുങ്ങുന്നുണ്ട്.അറിയാവുന്ന തമിഴ് ഒക്കെ വച്ചു കാര്യം ചോദിച്ചപ്പോൾ അവര്ക് ഒരു ഫോട്ടോ എടുക്കണം. ഒന്നല്ല ഒരുപാട് പോസിൽ അവരുടെ ഫോട്ടോസ് എടുത്തു. അതൊക്കെ അവരെ കാണിച്ചപ്പോൾ അവരുടെ മുഖത്തു വിരിഞ്ഞ ചിരിയുണ്ടല്ലോ ഹോ അത് ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.

നിഷ്കളങ്കതയുടെ ചിരികൾ അല്ലേലും അത്രപെട്ടന്നൊന്നും ഹൃദയത്തിൽ നിന്നും മായില്ലല്ലോ.

പതുക്കെ ഇവർ രണ്ടുപേരുമായും നല്ലൊരു ചങ്ങാത്തം തുടങ്ങി. കുഞ്ഞുകുട്ടികളുമായി സംസാരിച്ചു തുടങ്ങിയൽ സമയം പോകുന്നത് പോലും അറിയില്ല . എന്തു രസമാണെന്നോ. ഇതിൽ മല്ലിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. പിന്നെ സ്ഥിരം ഇവരുടെ കൂടെയായി നടപ്പ്. അങ്ങനെ ഉള്ള ഒരു നടത്തത്തിൽ ആണ്. ആദ്യമായി പാരിജാതത്തെ കാണുന്നത്.

കുട്ടികളുടെ കൂടെ കളിച്ചു ചിരിച്ചു നടക്കുമ്പോൾ ഏതോ ഒരു പൂവിന്റെ മണം മൂക്കിൽ വന്നടിച്ചു. അതെവിടുനാണെന്നു അറിയാനുള്ള ജിജ്ഞാസയോടെ ചുറ്റും നോക്കുമ്പോൾ. റോഡിനരികെയുള്ള തേയില ഫാക്ടറിയിൽ നിന്നു തലയിൽ നിറയെ പൂവൊക്കെ ചൂടി ഒരു സുന്ദരി വരുന്നു. നല്ല എണ്ണകറുപ്പിന്റെ നിറമാണവൾക്ക്. കുട്ടികൾക് മാത്രമല്ല മുതിർന്നവർക്കും നിഷ്കളങ്കമായി ചിരിക്കാമെന്നു മനസ്സിലായത് അവളുടെ ചിരി കണ്ടാണ്. മല്ലികുട്ടി ‘അമ്മേ’എന്നു വിളിച്ചു ഓടിച്ചെന്നപ്പോഴാണ് ഇത് മല്ലിയുടെ അമ്മ പാരിജാതം ആണെന്ന് മനസ്സിലായത്.
ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പാരിജാതത്തെ അത്രപെട്ടന്നു മറക്കാനും കഴിയില്ല. ഞാൻ താമസിച്ചിരുന്ന സ്ഥലത്തെ അന്തേവാസിയായിരുന്ന അമലാണ് അവളെ പറ്റി കൂടുതൽ പറഞ്ഞു തന്നത്. ‘ബഡ്ക’ ഗോത്രത്തിൽ പെട്ട ഒരുവൾ ആണ് പാരിജാതം. ജാതിശുദ്ധിയുടെ കാര്യത്തിൽ അതീവ ശ്രദ്ധയുള്ള ഒരു ഗോത്രമാണ് ഇത്. ഇവരുടെ ജാതിയില്പെട്ടവരെ മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളൂ. അങ്ങിനെ കുറെ നിബന്ധനകൾ ഉണ്ട്.

പാരിജാതം, കൂടെ ജോലി ചെയ്യുന്ന വേറൊരു ജാതിയിൽ പെട്ട ഒരാളെ സ്നേഹിച്ചെന്നും അവനില്നിന്നും ഗര്ഭിണിയാവുകയും ചെയ്തുമെന്നൊക്കെയാണ് പറയപ്പെടുന്നത്. എങ്കിലും അവളുടെ തന്നെ അപ്പന്റെ അനിയൻ ആണ് ഇതിനു പുറകിൽ എന്നും തന്റെ പേര് മോശമാകാതിരിക്കാൻ അവളുടെ കൂടെ ജോലിചെയ്യുന്ന ഏതോ പാവം പിടിച്ച ചെക്കന്റെ പേരിൽ കഥയുണ്ടാക്കി അവനെ മർദ്ദിച്ചു മൃതപ്രായനാകിയെന്നും ഉള്ളതാണത്രെ സത്യം. അവനെ തല്ലി ജീവശ്ച്ചവമാക്കിയത് അറിഞ്ഞപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.

ജാതിക്കാർ പ്രശ്നമുണ്ടാക്കാൻ വന്നെങ്കിലും അവിടെയുള്ള ഫ്രാന്സിസ്ക്കൻ അച്ഛന്മാർ അവർക്ക് അഭയം നൽകി പ്രശ്നക്കാരെ മടക്കി വിട്ടു. ഇപ്പോൾ അവരുടെ എസ്റ്റേറ്റിലെ വർകേർസ് ക്വാട്ടർസിൽ അണ് അമ്മയുടെയും മോളിന്റെയും താമസം. രണ്ടു കൊല്ലത്തോളം അവനെ ശുശ്രൂഷിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോൾ അവൾ തേയില തോട്ടത്തിലും അല്ലാത്തപ്പോൾ ഫാക്ടറിയിലുമൊക്കെ പണിയെടുത്തു ജീവിക്കുന്നു.
പിന്നീട് പരിജാതത്തോട് സംസാരിക്കാൻ ഇടയായപ്പോൾ, ഒരിക്കൽ പോലും തന്നെ ഒറ്റപ്പെടുത്തിയ നാട്ട്കാരോടും വീട്ടുകാരോടും പരാതിയോ പരിഭവമോ ആ വാക്കുകളിൽ നിഴലിച്ചിരുന്നില്ല. പതിനാറാം വയസ്സിൽ ആണ് മല്ലിയെ അവൾ പ്രസവിച്ചത്. ഇപ്പോൾ മല്ലികുട്ടി ക്കു എട്ട് വയസ്സായി. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പാരിജാതത്തെ ഇന്ന് അവിടെ ഉള്ളവർക്കെല്ലാം വല്യകാര്യമാണ്. തന്നെ കൊണ്ട് പറ്റുന്ന എന്തു സഹായവും ആർക്കും ചെയ്തു കൊടുക്കും.

സ്നേഹിക്കാൻ മാത്രം അറിയുന്ന അവൾക്കും മല്ലികുട്ടിക്കും ഇന്ന് ശത്രുക്കൾ ആരുമില്ല. എല്ലാവരും മിത്രങ്ങൾ ആണ്. രക്തബന്ധത്തെക്കാൾ എത്രയോ വിലപ്പെട്ടതാണ് സ്നേഹം കൊണ്ട് നേടാൻ പറ്റുന്ന ബന്ധങ്ങൾ എന്നു അവൾ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടിരിക്കുവാണ്.
ഒരു സംശയം എന്റെ ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു. അതിനു ഉത്തരം കാണാതെ പോയാൽ എനിക് സമാധാനം കിട്ടില്ലായിരുന്നു. കോഴ്സ് തീർന്നു പോരുന്നതിന്റെ തലേ ദിവസം യാത്ര പറയാനും മല്ലികുട്ടിക്കു എടുത്ത ഫോട്ടോകൾ സമ്മാനികുന്നതിനുമായിട്ടു ഞാൻ അവരുടെ വീട്ടിൽ പോയി.

ഫോട്ടോകൾ കണ്ടപ്പോൾ ഹൃദയം തുറന്ന് ചിരിച്ച മല്ലികുട്ടിയെ വീണ്ടും എന്റെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു. യാത്ര പറഞ്ഞു പോരാൻ നേരം പാരിജാതത്തോട് എന്റെ സംശയം അവതരിപ്പിച്ചു.

“നീ തെറ്റ് ചെയ്യാതിരുന്നിട്ടും എന്തിനാണ് അവനെ നോക്കാനായി വീട് വിട്ടു പോന്നത്.?”
അവൾ പറഞ്ഞു, “ഈ ആശ്രമം പള്ളിയിൽ നേരത്തെ ഒരു അന്തോണിസാമി ഉണ്ടായിരുന്നു. സാമി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.

‘നമുക്കു ആർക്കും നന്മ ചെയ്യാൻ പറ്റിയില്ലെങ്കിലും ആരും നമ്മൾ മൂലം വേദനിക്കാൻ ഇട കൊടുക്കരുതെന്ന്.’

ഞാൻ മൂലം ആണ് അപ്പനും അമ്മയും ഇല്ലാത്ത ഒരു പാവം ചെറുക്കനെ തല്ലി കൊല്ലറാക്കിയത്. അതുകൊണ്ട് അയാളെ ശുശ്രൂഷിച്ചു ഞാൻ മൂലം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്ന് കരുതി. അതുകൊണ്ടാണ് രണ്ടും കല്പിച്ചു വീട് വിട്ടിറങ്ങിയത്. പിന്നെ ഇവിടെ അന്തോണിസാമി ഞങ്ങളെ കൈവിടില്ലെന്നു അറിയാമായിരുന്നു.”

ഞാൻ അവളോട് ഒരു കാര്യം കൂടെ ചോദിച്ചു.
” സന്തോഷത്തോടെ ഇരിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഞാൻ കാണുന്നില്ല. എങ്കിലും നിനക്കു എങ്ങിനെ എപ്പോഴും ചിരിക്കാൻ കഴിയുന്നു.”

“അന്തോണിസാമി പറയാറുള്ള ഒരു കാര്യം കൂടിയുണ്ട്.

‘നമ്മളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ സ്നേഹം അറിഞ്ഞാൽ ആരെയും സ്നേഹിക്കാതിരിക്കാൻ പറ്റില്ലെന്നും.’
ഈയൊരു കാര്യം ഞാൻ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക് എല്ലാരോടും ഇഷ്ടം.”

അവരോട് യാത്ര പറഞ്ഞു തേയില തോട്ടങ്ങൾ നിറഞ്ഞ ആ കുന്നു ഇറങ്ങുമ്പോൾ അവൾ ചൂടിയ പിച്ചിപ്പൂവിന്റെ മണം അപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇന്നും ഇടക് ആ മണം ഓർമ്മയിൽ വരാറുണ്ട്. ഇതുപോലെ…

ഉള്ളിൽ സ്നേഹിക്കാൻ തീരുമാനിച്ചു ജീവിക്കുന്നവരുടെ ഓർമ്മയ്ക്ക് പോലും സ്നേഹത്തിന്റെ ഗന്ധമാണല്ലേ……

🖋️ചങ്ങാതീ❣️
10/05/21′

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s