Uncategorized

സൗകര്യങ്ങളെത്ര ഉണ്ടെങ്കിലും കോവിഡ് ടെസ്റ്റ് ചെയ്യാൻ മടിക്കുന്ന മലയാളി

സൗകര്യങ്ങളെത്ര ഉണ്ടെങ്കിലും കോവിഡ് ടെസ്റ്റ് ചെയ്യാൻ മടിക്കുന്ന മലയാളി.

മുന്നൂറ് രൂപയ്ക്ക് കോവിഡ് ആന്റിജൻ ടെസ്റ്റ്. അഞ്ഞൂറ് രൂപയ്ക്ക് ഇന്ന് RTPCR ടെസ്റ്റ്. ഇതെല്ലാം ഉണ്ടെങ്കിലും പനിയോ ജലദോഷമോ തൊണ്ടവേദനയോ ഉള്ളവർക്ക് കോവിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ.. “”എനിക്ക് കോവിഡ് എന്നുമല്ല ഡോക്ടറെ “” എന്ന് ഉറച്ചു സ്വയം വിശ്വസിക്കുന്നവരാണ് ഇന്ന് കൂടി വരുന്നത്.

ഒരു മാസത്തിന് മുൻപ് 10 പേരെ കോവിഡ് ടെസ്റ്റ് ചെയ്യാൻ വിട്ടാൽ അതിൽ ഒരാൾ ചിലപ്പോൾ പോസിറ്റീവ് ആകുമായിരുന്നു. എന്നാൽ ഇന്ന് ലക്ഷണങ്ങൾ ഉള്ള പത്തു പേരോട് ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ അതിൽ നാലുപേർ മാത്രം ടെസ്റ്റ് ചെയ്യാൻ തയ്യാറാകും. ഈ നാലുപേരും കോവിഡ് പോസിറ്റീവും ആകുന്നു. ബാക്കി ആറുപേർ പനിക്ക് ഡോക്ടറെ കാണാതെ സ്വയം മരുന്ന് കഴിച്ചു വീടുകളിൽ തന്നെ കഴിയാൻ തീരുമാനിക്കുന്നു. അല്ലെങ്കിൽ ഇവർ പനിക്ക് സ്വയം മരുന്ന് കഴിച്ചു കുറച്ച ശേഷം തൊണ്ടവേദനയും ചുമയും കാണിക്കാൻ ഡോക്ടറുടെ സേവനം തേടും. പനിയോ ജലദോഷമോ ഉണ്ടോ എന്ന ഡോക്ടറുടെ ചോദ്യത്തിന് “” ഹേയ്.. എനിക്ക് അതൊന്നും അല്ല ഡോക്ടറെ “” എന്നാകും മറുപടി. ആ ഡോക്ടർ ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ പിന്നെ അവിടന്ന് മുങ്ങി മെഡിക്കൽ സ്റ്റോറിൽ നിന്നും സ്വയം മരുന്ന് വാങ്ങി കഴിക്കും.

കേരളത്തിൽ രോഗികളെ പരിശോധിക്കുന്ന എല്ലാ വിഭാഗം ഡോക്ടർമാർക്കും ഇതുപോലുള്ള രോഗികളുടെ അനുഭവം പറയാനുണ്ടാകും. കോവിഡ് ടെസ്റ്റ് ചെയ്യാൻ പറയുമ്പോൾ രോഗികൾ മടിക്കാൻ കാരണം

1. ഇനി കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ വീട്ടിൽ തന്നെ 17 ദിവസം ക്വറന്റൈൻ. അത്രയും ദിവസം ജോലിയ്ക്ക് പോകാൻ കഴിയില്ല.

2. ഞാൻ ക്വറന്റൈൻ ആയാൽ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും. വരുമാനം നിലയ്ക്കും

3. ഞാനും കുടുംബവും സമൂഹത്തിൽ നിന്നും ഒറ്റപ്പെടും. സഞ്ചാര സ്വാതന്ത്ര്യം ഇല്ല.

4. ടെസ്റ്റ് ചെയ്‌താൽ കോവിഡ് അല്ലാത്തവർക്ക് പോലും ടെസ്റ്റ് പോസിറ്റീവ് കാണിക്കും എന്ന് വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിലെ തെറ്റായ പ്രചാരണം.

5. കോവിഡ് ടെസ്റ്റ് ചെയ്യാൻ മൂക്കിനകത്ത് കുത്തിയാൽ മൂക്കിന്റെ പാലത്തിന് മുറിവേൽക്കും എന്ന സോഷ്യൽ മീഡിയ വ്യാജ പേടിപ്പെടുത്തൽ.

6. കോവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമല്ലേ. ഞാൻ സ്വയം സൂക്ഷിച്ചാൽ മതിയല്ലോ എന്ന അമിത ആത്മവിശ്വാസം. കോവിഡ് വന്നിട്ടും ഒരു ലക്ഷണവും കുഴപ്പവും ഇല്ലാതെ രക്ഷപ്പെട്ട സുഹൃത്തുക്കളുടെ അനുഭവങ്ങൾ.

ഈ കാരണങ്ങൾ കൊണ്ടും ഇവിടെ കുറിക്കപ്പെടാത്ത പല കാരണങ്ങൾ കൊണ്ടും സ്വയം മരുന്ന് വാങ്ങി കഴിച്ച് “” ഞാൻ സ്വയം വീട്ടിൽ മാസ്‌ക് വച്ച് കഴിഞ്ഞോളാം “” എന്ന തീരുമാനത്തിൽ രോഗികൾ വീട്ടിലേക്ക് പോകുന്നു.

യഥാർത്ഥ അപകടം ഇനിയാണ്. ആദ്യത്തെ രണ്ടു ദിവസം അയാൾ മാസ്‌ക് ഒക്കെ അണിഞ്ഞു മുറിയിൽ കഴിയും. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ഏതൊരു ജലദോഷപ്പനിയും പോലെ കോവിഡ് പനിയും ജലദോഷവും ദേഹം വേദനയും അയാൾക്ക് മാറും. പിന്നീട് ചെറിയ മൂക്കടപ്പോ ചുമയോ മാത്രം. ” ഓ.. അപ്പോൾ എനിക്ക് വന്നത് കൊറോണ വൈറസ് അല്ലായിരുന്നു ” എന്ന് സ്വയം ആശ്വസിച്ചു അയാൾ മാസ്ക് ഒക്കെ മാറ്റി മൂന്നാം ദിവസം മുതൽ വീട്ടുകാരോടും വയസ്സായ അച്ഛനമ്മമാരോടും സ്വതന്ത്രമായി ഇടപെടാൻ തുടങ്ങും. നാലാം ദിവസം ജോലിക്കും പോയിത്തുടങ്ങും. എന്നാൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും എന്നിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരും എന്ന് ഇയാൾ ഒരിക്കലും ചിന്തിക്കുകയും ഇല്ല. മലയാളികളിൽ സമൂഹ വ്യാപനം നടക്കാൻ ഈ സ്വഭാവം ഒരു പ്രധാന കാരണമാണ്. ഇങ്ങനെ ചിന്തിക്കുന്ന മലയാളികളിൽ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വിദ്യാഭ്യാസം കുറഞ്ഞവരെന്നോ കൂടിയവരെന്നോ ഉള്ള വ്യത്യാസവും ഇല്ല.. മകൾക്ക് ടെസ്റ്റ് ചെയ്തു പോസിറ്റീവ് കണ്ടാൽ എനിക്ക് ജോലിക്ക് പോകാൻ പറ്റില്ലല്ലോ എന്ന് കരുതുന്ന അമ്മമാർ പോലും ഈ കേരളത്തിലുണ്ട് എന്നതാണ് സത്യം.

കോവിഡ് മാരകമായി പടരുന്ന ഒരു പകർച്ച വ്യാധിയാണ്. ഈ രോഗം പകരുന്നത് തടയാൻ സർക്കാരോ ആരോഗ്യവകുപ്പോ ഡോക്ടർമാരോ മാത്രം വിചാരിച്ചാൽ പോരാ.. ആത്യന്തികമായി ഓരോ മനുഷ്യനും വിചാരിക്കണം. അതിനാൽ സർക്കാരോ ആരോഗ്യ പ്രവർത്തകരോ നൽകുന്ന നിർദ്ദേശം കർശനമായി പാലിക്കണം. നിങ്ങളുടെ മുൻകരുതലുകൾ അൽപം പാളിപ്പോയാൽ വലിയ വില കൊടുക്കേണ്ടി വരുന്നത് പലപ്പോഴും നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ തന്നെയായിരിക്കും എന്ന് മറക്കാതിരിക്കുക.

ഞാൻ ഇവിടെ കുറിച്ചത് എന്റെയും എന്നെപോലെ കേരളത്തിൽ ജോലി ചെയ്യുന്ന മറ്റു പല ആരോഗ്യ പ്രവർത്തകരുടെയും അനുഭവമാണ്. സമൂഹത്തിൽ ഇനിയും ഇത് പടരരുത് എന്നാഗ്രഹിക്കുന്നവർ ദയവായി ഇത് ഷെയർ ചെയ്യുക. ഇത് വായിക്കുന്നവർ ഇനിയെങ്കിലും ചിന്തിക്കട്ടെ. ടെസ്റ്റുകൾ ചെയ്യട്ടെ. സമൂഹത്തിൽ രോഗം പടർത്തുന്നതിൽ നിന്നും അവർ മാറിനിൽക്കട്ടെ..

Dr Rajesh Kumar

Categories: Uncategorized

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s