Uncategorized

നാലാം തീയതി മുതൽ കർക്കശമായ നിയന്ത്രണങ്ങൾ – മുഖ്യമന്ത്രി

നാലാം തീയതി മുതൽ കർക്കശമായ നിയന്ത്രണങ്ങൾ – മുഖ്യമന്ത്രി

കോവിഡ് രോഗസ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
നാലാം തിയതി മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്കാണ് പോകുന്നത്. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റാറന്റുകളിൽ നിന്ന് പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസ്സം ഉണ്ടാവില്ല.
ഓക്സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം.
ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണം 50, മരണ ചടങ്ങുകൾ 20, അധികരിക്കാതിരിക്കാൻ കരുതൽ വേണം.
അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷൻ, സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും.
എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അർത്ഥത്തിൽ ആകരുത്. ചില സ്ഥലങ്ങളിൽ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം.
രാജ്യത്തെ കോവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളിൽ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകൾ എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകൾ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്. അമേരിക്കൻ ജേർണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആന്റ് ഹൈജീനും, പ്രൊസീഡിങ്ങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസും നടത്തിയ പഠനഫലങ്ങൾ ഈ ഘട്ടത്തിൽ നമ്മൾ ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്‌കുകളുടെ ഉപയോഗം കർക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവർ കണ്ടെത്തി. മാസ്‌കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
വീടിനു പുറത്തെവിടേയും ഡബിൾ മാസ്‌കിങ്ങ് ഉപയോഗിക്കുന്നത് പ്രധാനമാണ്. ഡബിൾ മാസ്‌കിങ്ങ് ചെയ്യുക എന്നാൽ രണ്ടു തുണി മാസ്‌കുകൾ ധരിക്കുക എന്നതല്ല. ഒരു സർജിക്കൽ മാസ്‌ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്‌ക് വെക്കുകയാണ് വേണ്ടത്. ഈ തരത്തിൽ മാസ്‌കുകൾ ധരിക്കുകയും, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കും.
മാസ്‌കുകൾ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം. സിനിമാ സാംസ്‌കാരിക മേഖകളിലെ പ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാര•ാരും, മാധ്യമപ്രവർത്തകരും ഉൾപ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്‌കുകൾ ധരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻഇടപെടണം. ഓഫീസ് ഇടങ്ങളിൽ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്‌കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
ഭീതിയ്ക്ക് കീഴ്പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. വാസ്തവവിരുദ്ധവും അതിശയോക്തി കലർത്തിയതും ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തിൽ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടർ (ജില്ലാ മജിട്രേറ്റ്) എന്നിവർക്കു മാത്രമാണ് ഈ ഉത്തരവുകൾ അതത് സാഹചര്യങ്ങളിൽ ഇറക്കാനുള്ള അധികാരങ്ങൾ ഉള്ളത്.
കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ.
ആരോഗ്യമേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് അറിയാനോ സേവനങ്ങൾ ലഭിക്കാനോ വേണ്ടി ജനങ്ങൾ അതാതു ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം സപ്പോർട്ട് യൂണിറ്റുകളിലെ (ഡി.പി.എം.എസ്.യു) കോൾ സെന്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s