Abhishekagni

വി. എവുപ്രാസ്യാ, നൊവേന

*വി. എവുപ്രാസ്യാ*
നവനാൾ ജപം

St Euprasia of Kerala

*നൊവേന*
*പ്രാരംഭ പ്രാർത്ഥന*

 

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവമേ! അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അഗാധമായ കരുണയോടെ, അതുല്യമായ സ്നേഹത്തോടെ, അനന്തമായ നന്മകൾ ഞങ്ങൾക്കായി നല്കുന്ന ഞങ്ങളുടെ രക്ഷകനും നാഥനും കർത്താവുമായ ഈശോയേ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. മനുഷ്യവംശത്തിനു മാതൃകയും പ്രചോദനവും നല്കുവാനായി, കാലാകാലങ്ങളിൽ വിശുദ്ധരെ നല്കി ലോകത്തെ ദൈവോന്മുഖതയിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവേ, അങ്ങേക്ക് അനവരതം നന്ദി. ദൈവതിരുമനസ്സിന് അനുനിമിഷം ആമ്മേൻ പറഞ്ഞ് ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളർന്ന് വികസിക്കുവാൻ വി. എവുപ്രാസ്യായെ അങ്ങു അനുവദിച്ചുവല്ലോ. ലോകം മുഴുവനും വേണ്ടി ദൈവതിരുമുമ്പിൽ മദ്ധ്യസ്ഥയായി നിലകൊണ്ട്, ‘മരിച്ചാലും മറക്കില്ലട്ടോ’ എന്ന വാഗ്ദാനത്തിലൂടെ തന്റെ സ്വർഗം ഭൂമിയിൽ നന്മ ചെയ്യുവാനായി ചെലവഴിക്കുന്ന എവുപ്രാസ്യാമ്മയെ മഹത്വപ്പെടുത്തുവാൻ തിരുമനസായതിനു അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങയുടെ വിശ്വസ്ത ദാസിയും ഞങ്ങളുടെ അമ്മയുമായ ഈ പുണ്യകന്യകയിൽ അങ്ങ് നിക്ഷേപിച്ചിട്ടുള്ള നിരവധി വരദാനങ്ങൾക്കായും ഈ അമ്മയുടെ മാദ്ധ്യസ്ഥം വഴി  അങ്ങ് ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങൾക്കായും ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു.

 *ഒമ്പതാം ദിവസം നിയോഗം: ജീവിത ലാളിത്യം അഭ്യസിക്കുവാന്‍*
മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നതെന്ന് ഞങ്ങളെ പഠിപ്പിക്കുകയും ജനനത്തിലും ജീവിതത്തിലും മരണത്തിലും ലളിതമായ ശൈലി അവലംബിക്കുകയും ചെയ്ത മിശിഹായെ, അക്ഷരാർത്ഥത്തിൽ അങ്ങയെ അനുഗമിച്ച പുണ്യചരിതയായ എവുപ്രാസ്യാമ്മയെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അസാധാരണമായതൊന്നും ജീവതത്തിൽ ചെയ്തില്ലെങ്കിലും ആരും താല്പര്യപ്പെടാത്തതും എളിയതും നിസ്സാരവുമായ പ്രവൃത്തികൾ ചെയ്ത് അങ്ങയുടെ മനം കവർന്ന അമ്മയെ അനുകരിച്ച് സ്ഥാനമാനങ്ങളിലേക്കും പ്രശസ്തിയിലേക്കും സുഖേച്ഛയിലേക്കുമുള്ള താല്പര്യങ്ങളിൽനിന്ന് ഞങ്ങളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ കൃപ നല്കണമേ. ഒന്നിനോടും ആസക്തിയില്ലാതെ ആശകളെ നിയന്ത്രിക്കാൻ ആത്മസംയമനത്തിന്റേയും പരിത്യാഗത്തിന്റേതും  പാത സ്വീകരിച്ച് വിശുദ്ധിയുടെ പടികൾ കയറുവാൻ ഈ വിശുദ്ധയെ അങ്ങ് അനുവദിച്ചുവല്ലോ. ഇരിപ്പിലും നടപ്പിലും ഉപയോഗത്തിലും ലാളിത്യം കൈമുതലാക്കി, കർമ്മങ്ങളിൽ ദൈവത്തെ മാത്രം ആശ്രയിച്ച്, തന്നെ ശക്തിപ്പെടുത്തിയവനെ എല്ലാറ്റിലും മഹത്വപ്പെടുത്തി, ഏറ്റുപറഞ്ഞ്, ജീവിതത്തെ വിശുദ്ധമാക്കാൻ സാധിക്കുമെന്ന് അമ്മയുടെ ജീവിതം ഞങ്ങളെ പഠിപ്പിക്കുന്നു. ജീവിതത്തിൽ തളർന്നവരേയും ക്ലേശിതരേയും സ്നേഹിതരാക്കിയ അങ്ങയെ അനുകരിക്കുവാനുള്ള സകലവരങ്ങളും അവയോടുകൂടി ഈ നൊവേനയിൽ ഞങ്ങൾ പ്രത്യേകം അപേക്ഷിക്കുന്ന അനുഗ്രഹവും (…..നിയോഗം…..) എവുപ്രാസ്യാമ്മ വഴി ഞങ്ങൾക്കു തരുവാൻ കൃപയുണ്ടാകണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

                     1 സ്വ. 1 നന്മ. 1 ത്രീ.
*സമൂഹ പ്രാർത്ഥന*

×××××××××××××××
ദൈവീകസാന്നിദ്ധ്യം നിരന്തരം അനുഭവിക്കുകയും സ്നേഹനിർഭരമായ ജീവിതത്തിലൂടെ അനേകരിലേക്ക് ആ ദൈവിക ചൈതന്യം പകരുകയും ചെയ്ത വി. എവുപ്രാസ്യയെപ്പോലെ ജീവിതവ്യഗ്രതകൾക്കിടയിലും ക്ലേശങ്ങളുടെ മദ്ധ്യത്തിലും ദൈവത്തിലാശ്രയിച്ച് ജീവിക്കുവാൻ ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കണമേയെന്ന് കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ദിവ്യകാരുണ്യത്തിൽ അടിസ്ഥാനമിട്ട് വിശ്വാസവും ഭക്തിയും നിറഞ്ഞ ജീവിതം നയിച്ച വി. കന്യകയെപ്പോലെ ദിവ്യകാരുണ്യഭക്തിയിലും സ്നേഹത്തിലും അടിയുറച്ച ജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കണമെയെന്ന് കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
അദ്ധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും അത്താണിയായ ഈശോയുടെ തിരുഹൃദയത്തെ അതിഗാഢമായി സ്നേഹിച്ച് ജീവിതകർത്തവ്യങ്ങൾ തീക്ഷ്ണതയോടെ അനുഷ്ഠിച്ച വി. എവുപ്രാസ്യയെപ്പോലെ തിരുഹൃദയത്തിൽ എന്നും എപ്പോഴും ആശ്രയം കണ്ടെത്തുവാനും ആ കരുണാർദ്രസ്നേഹത്തിൽ വളർന്നുവരുവാനും ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കണമേയെന്ന് കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
മിശിഹായുടെ മൗതീകശരീരമായ തിരുസഭയുടെ മഹത്വത്തിനായി പ്രാർത്ഥനയും പരിത്യാഗവും ഉപവാസവും അനുഷ്ഠിച്ച് നിരന്തരം ജീവിച്ച വി. എവുപ്രാസ്യയെപ്പോലെ സഭയോട് ചേർന്ന് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തിരുസഭക്കായി എന്നും പ്രാർത്ഥിക്കുവാനും ആവശ്യമായ കൃപാവരം ഞങ്ങൾക്കെല്ലാവർക്കും നല്കണമെയെന്ന് കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
രക്ഷകനും നാഥനുമായ ഈശോയോടു ചേർന്നു നിന്ന് എപ്പോഴും പിതാവിന്റെ ഇഷ്ടം നിറവേറ്റി വിശുദ്ധ ജീവിതം നയിച്ച വി. എവുപ്രാസ്യയെപ്പോലെ ഉത്തമ ക്രൈസ്തവരായി ഈ ഭൂമിയിൽ വ്യാപരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേയെന്ന് കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
പ്രാർത്ഥിക്കുന്ന അമ്മ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വി. എവുപ്രാസ്യയെപ്പോലെ പ്രാർത്ഥനയിൽ ആനന്ദം കണ്ടെത്തുവാനും ഞങ്ങളുടെ ഈ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ ദൈവികമായ കൂട്ടായ്മയുടെ അനുഭവം സ്വന്തമാക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേയെന്ന് കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
തിരുസാന്നിദ്ധ്യത്തിലായിരുന്നുകൊണ്ട് തിരുസഭക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച വി. കന്യകയോട് ചേർന്ന് ഞങ്ങളുടെ പരി. പിതാവ് ഫ്രാൻസിസ് പാപ്പാക്കുവേണ്ടിയും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്താക്കുവേണ്ടിയും എല്ലാ അതിരൂപത അദ്ധ്യക്ഷൻമാർക്കുവേണ്ടിയും എല്ലാ വൈദികർക്കും സന്യാസിനിമാർക്കും സമർപ്പിതർക്കും വേണ്ടിയും കർത്താവേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
*സമാപന പ്രാർത്ഥന*

××××××××××××××××
മനുഷ്യവംശത്തെ രക്ഷിക്കുവാനായി ദാസന്റെ രൂപം സ്വീകരിച്ച ഈശോമിശിഹായേ, കാലഘട്ടങ്ങളുടെ ആവശ്യാനുസരണം തന്റെ ഹൃദയത്തിനിണങ്ങിയ വ്യക്തികളെ ഭൂമിയിൽ കണ്ടെത്തി, അവരിലൂടെ അങ്ങയുടെ ഹിതം നിറവേറ്റുവാൻ തിരുമനസ്സാകുന്ന അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. തിന്മ നിറഞ്ഞ ഈ ലോകത്തെ സ്വർഗ്ഗത്തിന്റെ പരിശുദ്ധിയിലേക്കുയർത്തുവാനായി തെരഞ്ഞെടുക്കപ്പെട്ട അനേകം വിശുദ്ധരോടൊപ്പം വിശുദ്ധ എവുപ്രാസ്യയേയും ഉയർത്തുവാൻ തിരുമനസ്സായ അങ്ങേക്ക് നന്ദി. അന്ധകാരത്തിൽ പ്രകാശമായി, വേദനിക്കുന്നവർക്ക് ആശ്വാസമായി, തിന്മ ചെയ്യുന്നവർക്ക് ഒരു തിരുത്തൽ പ്രേരണയായി, വിശുദ്ധിയിൽ എന്നും വളരുവാൻ പ്രചോദനമായി, ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും അനുദിനം വളർന്നുവരുവാൻ വഴികാട്ടിയായി എവുപ്രാസ്യാമ്മയെ ഞങ്ങൾക്ക് നല്കിയ ദൈവമേ, ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ അമ്മയെ അനുകരിച്ച് പ്രാർത്ഥനയുടെ പ്രേഷിതരാകുവാൻ, അമ്മ വഴി അനേകായിരം ജീവിതങ്ങളെ നന്മയിലേക്കാനയിക്കാൻ ആവശ്യമായ എല്ലാ കൃപാവരങ്ങളും ഞങ്ങൾക്ക് നല്കണമേ. ഈ നൊവേനയിൽ ഞങ്ങൾ അർപ്പിക്കുന്ന എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും വി. എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിത്യം പിതാവും  പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ,

ആമ്മേൻ.

Categories: Abhishekagni

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s