Abhishekagni

​പുരോഹിതരും വിവാഹിതരും

പുരോഹിതരും വിവാഹിതരും

“നിങ്ങൾ അച്ചന്മാർക്ക് എന്തിന്റെ കുറവാ… എങ്ങനെയെങ്കിലും പഠിച്ച് അച്ചനാകുക, പിന്നെ സുഖമല്ലേ. ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടല്ലോ. എന്നാൽ ഞങ്ങൾക്കോ എന്നും പ്രാരാബ്ധം മാത്രം… അച്ചനാകാൻ പോയാൽ മതിയായിരുന്നു… എന്നാൽ ഈ കഷ്ടപ്പാടൊക്കെ ഒഴിവാക്കാമായിരുന്നു… ഇനിയൊരു ജന്മം കിട്ടുകയാണെങ്കിൽ എനിക്കച്ചനായാൽ മതി…” ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പലപ്പോഴായി ഉയർന്നുകേട്ടിട്ടുള്ള വാക്കുകളാണിത്.
ഇതു കേൾക്കുമ്പോൾ ചിലർക്കെങ്കിലും തോന്നാനിടയുണ്ട് അതു ശരിയാണല്ലോ എന്ന്. പൗരോഹിത്യജീവിതമെന്നത് സ്വർഗീയാനുഭവവും കുടുംബജീവിതമെന്നത് നരകീയാനുഭവമാണെന്ന് പെട്ടെന്ന് ചിന്തിക്കുകയും ചെയ്യും. പൗരോഹിത്യജീവിതമെന്നത് സ്വർഗീയമായ ജീവിതാനുഭവമാണെന്നെനിക്ക് നിസ്സംശയം പറയാൻ കഴിയും. കുടുംബജീവിതം നയിക്കുന്നവർ അവരെക്കുറിച്ച് തന്നെയുള്ള വിശകലനത്തിൽ സ്വർഗീയാനുഭവമല്ലെന്ന വിശേഷണം കൂട്ടിച്ചേർത്താൽ മറ്റുള്ളവർ നിസ്സഹായരാകും.
എന്തുകൊണ്ടായിരിക്കാം ഈ രണ്ട് കൂദാശകളെയും അല്ലെങ്കിൽ ഈ രണ്ട് ജീവിതാവസ്ഥകളെയും നമ്മൾ ഇങ്ങനെയൊക്കെ കാണുന്നത്…? കുടുംബജീവിതത്തിന്റെ അസ്വസ്ഥതകളെക്കുറിച്ച് പറയുന്നവർ പിന്നെ എന്തു കാരണത്താലാണ് ആ ജീവിതം തന്നെ തിരഞ്ഞെടുക്കുന്നത്…? അവർ എന്തേ വൈദികജീവിതത്തിലേക്ക് കടന്നുവരുന്നില്ല…? സുഖം നിറഞ്ഞ ജീവിതം ഞങ്ങൾക്ക് വേണ്ടാ, ത്യാഗഭരിതമായ പ്രാരാബ്ധം നിറഞ്ഞ കുടുംബജീവിതം മതി എന്ന് അവരെന്തുകൊണ്ട് തീരുമാനിച്ചു…? താൻ സ്വീകരിച്ച വിശുദ്ധമായ ഒരു കൂദാശയുടെ മഹനീയതയും വിലയും കുറച്ചുകാണുകയും വേറൊരു കൂദാശയെ മാത്രം ഉയർത്തിക്കാണിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയാണോ?
ഇന്ന് കേരള കത്തോലിക്കാ സഭയിലെ വൈദികപരിശീലനം മിനിമം ഏതാണ്ട് പതിനൊന്ന് വർഷമാണ.് (സീറോ മലബാർ സഭയിൽ അതിനിയും കൂട്ടാൻ പോകുകയാണ്…!). സന്യാസ വൈദികരുടെ പരിശീലനമാണെങ്കിൽ വർഷങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കും. പരിശീലനത്തിന്റെ ഓരോ ഘട്ടത്തിലും ഈ അർത്ഥികളുടെ ജീവിതത്തെ പരിശീലകർ വിലയിരുത്തുന്നു. അവരുടെ ആധ്യാത്മികമായ പുരോഗതി എത്രമാത്രമുണ്ട് എന്നതാണതിലെ പ്രധാന ഘടകം. പരിശീലകർ കൊടുത്ത തിരുത്തലുകൾ ഏതുതരം മനോഭാവത്തോടെയാണവർ സ്വീകരിച്ചത്…, അവരുടെ ജീവിതത്തിലൂടെ വെളിവാക്കപ്പെടുന്ന ലക്ഷ്യമെന്താണ്, അവരുടെ ഈ വിളിയോട് അവർക്കുള്ള ആത്മാർത്ഥത……, തുടങ്ങി പല തരത്തിലുള്ള വിശകലനങ്ങൾ. അതിനെല്ലാം ശേഷമാണ് അവരെ അടുത്ത പരിശീലന തലത്തിലേക്കുയർത്തുന്നത്.
വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം വൈദികനാകുകയും എന്തെങ്കിലും കാരണത്താൽ വൈദികജീവിതം ഉപേക്ഷിച്ച് സമൂഹത്തിലേക്കും കുടുംബത്തിലേക്കും തിരികെ വരികയും ചെയ്യുന്ന ”മുൻപുരോഹിതരോട്” പൊതുവെ പറഞ്ഞാൽ നിഷേധപരമായ നിലപാടാണ് സമൂഹത്തിനുള്ളത്. അതിനുള്ള പ്രധാന കാരണം അത്രയും വലിയ ഒരു കൂദാശയും അവസ്ഥയും സ്ഥാനവുമാണവർ ഉപേക്ഷിച്ചിരിക്കുന്നത് എന്നതുതന്നെ. അനേകർ അവർക്കുവേണ്ടി പ്രാർത്ഥിച്ചു, അനേകർ അവർക്കുവേണ്ടി അധ്വാനിച്ചു, അനേകർ അവർക്കുവേണ്ടി തങ്ങളുടെ ഓഹരി പങ്കുവച്ചു എന്നതും ചേർത്തുവായിക്കേണ്ട കാരണങ്ങൾ തന്നെയാണ്.
എന്നാൽ ഇന്നുമുതൽ മരണം വരെ ഏതവസ്ഥയിലും ഞങ്ങൾ ഒന്നായിരിക്കും എന്ന് വിശുദ്ധ വചനത്തിൽ കരങ്ങൾ വച്ച് വൈദികന്റെയും സാക്ഷികളുടെയും മുൻപാകെ ദൈവത്തോട് ഏറ്റുപറഞ്ഞവർക്ക്, ചില കാരണങ്ങളും ന്യായങ്ങളും പറഞ്ഞ് വിവാഹമോചനം നേടുന്നതിന് ഇന്ന് വലിയ തടസങ്ങളില്ല. ഭർത്താവ് വേറൊരു സ്ത്രീയെ തേടിപ്പോകുക, ഭാര്യ വേറൊരു പുരുഷനെ തേടിപ്പോകുക എന്നത് തെറ്റല്ലാത്ത അവസ്ഥയായി സമൂഹം കണ്ടുതുടങ്ങിയിരിക്കുന്നു.
”ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപ്പെടുത്താതിരിക്കട്ടെ” എന്ന മനുഷ്യപുത്രന്റെ വാക്കുകൾക്ക് ഇന്നെവിടെ വില…? അത്തരം വ്യക്തികളെ ഉൾക്കൊള്ളുന്നതിന് സമൂഹത്തിനിന്ന് സന്തോഷമേയുള്ളൂ…! വിവാഹമോചനവും അനുബന്ധജീവിതവും ഒരു സാധാരണ രീതിയായി സമൂഹത്തിൽ മാറ്റപ്പെട്ടു തുടങ്ങി. ഇന്നു സഭാകോടതികളിൽ വൈദികർ മാത്രമാണുള്ളതെന്നും വിവാഹിതരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ അല്മായർക്കു കൂടി അവിടെ പങ്കാളിത്തം വേണമെന്നും എങ്കിൽ മാത്രമേ അവിടെ യഥാർത്ഥനീതി നടപ്പാകുകയുള്ളൂ എന്നും ഒരു ലേഖനത്തിൽ അടുത്തയിടെ വായിച്ചു. നല്ലതുതന്നെ. എന്നാൽ ഒന്നുചേർക്കപ്പെട്ട പവിത്രമായ ബന്ധങ്ങൾ മുറിഞ്ഞു പോകാതിരിക്കട്ടെ എന്നാണെന്റെ പ്രാർത്ഥന.
വിവാഹവും തിരുപ്പട്ടവും കൂദാശകളാണ്, അതിൽ ആർക്കും സംശയമില്ല. ഓരോ കൂദാശയ്ക്കും തനതായ പ്രത്യേകതകളും വ്യത്യാസങ്ങളുമുണ്ടെങ്കിലും രണ്ട് കൂദാശകളിലും നിറഞ്ഞു നിൽക്കുന്ന ദൈവത്തിന്റെ അനന്യമായ കൃപയുണ്ട്. അതാണിവയെ കൂദാശകളാക്കുന്നതും ശക്തിപ്പെടുത്തുന്നതും. അതിൽ ഒരു കൂദാശ സ്വീകരിക്കുന്നവർക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാമെന്ന് ശഠിക്കുന്നവർ ഓർക്കുക, ഓരോ കൂദാശയും വിലപ്പെട്ടതാണ്. അദൃശ്യമായ ദൈവസാന്നിധ്യത്താൽ, അവിടുത്തെ കൃപാവരത്താൽ നിറയപ്പെട്ടതാണ്… ഈ രണ്ട് കൂദാശകളെക്കുറിച്ചും നമ്മുടെ ഉള്ളിൽത്തന്നെയുള്ള തെറ്റിദ്ധാരണ നിറഞ്ഞ ആശയങ്ങളും ചിന്തകളും ചർച്ചകളുമല്ലേ ഒന്നിനെ സുഖമെന്ന വാക്കിലും വേറൊന്നിനെ പ്രാരാബ്ധം എന്ന വാക്കിലും ചേർത്തുവയ്ക്കുന്നത്…?
വിവാഹവും തിരുപ്പട്ടവും അതുപോലെ മറ്റു കൂദാശകളും സ്വീകരിക്കുന്ന വ്യക്തിക്ക് ദൈവാനുഭവം തീർച്ചയായും നുകരാൻ കഴിയേണ്ടതാണ്. എങ്കിലും അത്തരമൊരനുഭവത്തിന് സ്വീകർത്താവിന്റെ യോഗ്യത വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, അവസാന അത്താഴ വേളയിൽ ഈശോ ആശീർവദിച്ച അപ്പം, തന്നോടൊപ്പം മൂന്നു വർഷം ആയിരുന്ന തന്റെ ശിഷ്യരിൽ ഒരുവനായ യൂദാസിന്, ഇത് എന്റെ ശരീരം എന്നു പറഞ്ഞു നൽകിയപ്പോൾ അവനിൽ പ്രവേശിച്ചത് സാത്താനാണെന്ന് വിശുദ്ധ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ആരാണോ ഇന്നും ഓരോ കൂദാശയും അയോഗ്യതയോടെ സ്വീകരിക്കുന്നത് അവിടെ കർത്താവിനു പകരം സാത്താനായിരിക്കും പ്രവേശിക്കുക എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണാ വചനം.
ഏറ്റവും നന്നായി പാടുന്ന വൈദികൻ ബലിയർപ്പിക്കുകയും ഏറ്റവും നന്നായി വചനപ്രഘോഷണം ചെയ്യുന്ന വൈദികൻ സന്ദേശം നൽകുകയും ബാക്കി ആഘോഷങ്ങൾക്കായി ഒത്തിരിയേറെ പണം ചിലവഴിക്കുകയും ചെയ്താലും അല്ലെങ്കിൽ തിരുസഭാധ്യക്ഷനായ മാർപാപ്പ തന്നെ കൂദാശകൾ എനിക്കായി പരികർമ്മം ചെയ്താലും എന്നിൽ യോഗ്യതയില്ലായെങ്കിൽ ഞാൻ സ്വീകരിക്കുന്ന കൂദാശ എന്നിൽ ദൈവികജീവൻ നിറയ്ക്കയില്ലായെന്നും എനിക്ക് പ്രയോജനം തരില്ലാ എന്നുമല്ലേയിത് വ്യക്തമാക്കുക.
മുപ്പതും നാൽപ്പതും അൻപതും പേരൊക്കെ അടങ്ങുന്ന ഗ്രൂപ്പുകൾ വൈദികപരിശീലനത്തിന്റെ ആദ്യകാലങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും പരിശീലനത്തിന്റെ അവസാനം ലക്ഷ്യത്തിലെത്തുക അവരിലെ ഒരു ന്യൂനപക്ഷം മാത്രമാണ്. ചിലരെയെല്ലാം പരിശീലകർ തന്നെ ഒഴിവാക്കുന്നു. ഇങ്ങനെ വർഷങ്ങൾ നീണ്ട ഒരുക്കത്തിനും പരിശീലനത്തിനും ശേഷം മാത്രമാണ് ഒരാൾ പുരോഹിതനായി ഉയർത്തപ്പെടുക.
പരിശീലനകാലങ്ങളിൽ ഒരുവന് എന്നും സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കാരണം താൻ സ്വീകരിക്കാൻ പോകുന്ന തിരുപ്പട്ടമെന്ന കൂദാശ അത്രമാത്രം വിലയുള്ളതാണ് എന്ന അറിവ്, ഇത്തരം പഠനങ്ങളിലൂടെയും മാനസിക, ശാരീരിക, ആധ്യാത്മിക, സാമൂഹിക പരിശീലനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും കടന്നുപോകാൻ അർത്ഥികളെ യഥാർത്ഥത്തിൽ സഹായിക്കുന്നു. സെമിനാരിയിൽ നിന്നും ആദ്യമായി അവധിക്കുവന്നപ്പോൾ എന്റെയൊരു സഹോദരി ചോദിച്ചത് കുർബാനചൊല്ലാൻ പഠിപ്പിച്ചോ എന്നാണ്. അവരുടെ അറിവിൽ ആങ്ങള അച്ചനാകാൻ പോയി, അച്ചനാകുക എന്നാൽ പ്രധാനമായും വിശുദ്ധ കുർബാനയുടെ കാർമികൻ അല്ലെങ്കിൽ കൂദാശകളുടെ പരികർമ്മി എന്ന ചിന്തയാണ്, അതിനാലാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ഈ പറഞ്ഞതുപോലുള്ള പരിശീലനത്തെക്കുറിച്ചൊന്നും അവർ കേട്ടിട്ടുമില്ലായിരുന്നു, ചിന്തിച്ചിട്ടുമില്ലായിരുന്നു…!
എന്നാൽ, നമ്മുടെ കുടുംബങ്ങളിൽ ഭൂരിപക്ഷം പേരും സ്വീകരിക്കുന്ന വിവാഹമെന്ന കൂദാശയ്ക്ക് എത്ര വർഷത്തെ ഒരുക്കമുണ്ട്…? അത്തരം പരിശീലനത്തിന്റെയും ഒരുക്കത്തിന്റെയും ആവശ്യമില്ലായെന്ന് പറയുന്ന അനേകരുണ്ട്. കേരളത്തിലെ രൂപതകളിൽ ഇപ്പോൾ മൂന്നുമുതൽ അഞ്ചുവരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ ഒരുക്ക സെമിനാറുണ്ട്, അതിൽ പങ്കെടുക്കണമെന്നത് നിർബന്ധമാണ്. അവിടെനിന്നു ലഭിക്കുന്ന സാക്ഷ്യപത്രം വികാരിയച്ചനെ കാണിച്ചാലാണ് സാധുവായ വിവാഹത്തിന് അനുമതി ലഭിക്കുക. എന്നാൽ ഈ ചെറിയ പരിശീലനം, അല്ലെങ്കിലീ ഒരുക്കം പോലും ഒഴിവാക്കിക്കിട്ടാൻ പരിശ്രമിക്കുന്നവരുമുണ്ട്.
മക്കൾ വിവാഹിതരായിക്കാണാൻ, അവർക്കൊരു കുടുംബമുണ്ടായിക്കാണാൻ മാതാപിതാക്കൾ അതിയായി ആഗ്രഹിക്കുന്നു. അതിനുവേണ്ടി ബാഹ്യമായ പരിശ്രമങ്ങൾ അവർ തുടങ്ങുന്നു. വൈദികജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് അതിനുള്ള വിളിയുണ്ടോ, നിലവാരമുണ്ടോ, യോഗ്യതയുണ്ടോ എന്നൊക്കെയുള്ള ഒരന്വേഷണമുണ്ട്… എന്നാൽ, വിവാഹജീവിതത്തിന് അത്തരമൊരു അന്വേഷണം പലപ്പോഴും ഇല്ല എന്നതാണവസ്ഥ. ആകെ അന്വേഷിക്കുന്നത് കുടുംബപാരമ്പര്യം, സൗന്ദര്യം, ജോലി, സാമ്പത്തികം തുടങ്ങിയവയാണ്. ഇവയിൽ ഒതുങ്ങുന്നു ഒരാൾക്ക് വേണ്ട യോഗ്യത. അവന്റെ/അവളുടെ ആധ്യാത്മിക നിലവാരം എന്താണ്, ജീവിതപങ്കാളിയെ തന്നെപ്പോലെ സ്‌നേഹിക്കാൻ കഴിയുന്നവനാണോ/ കഴിയുന്നവളാണോ, അതിനുള്ള പക്വത കൈവന്നിട്ടുണ്ടോ, കുടുംബത്തിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള മനോഭാവമെന്താണ്, പള്ളിയെന്നും കൂദാശയെന്നും കേൾക്കുമ്പോൾ അലർജിയുള്ളയാളാണോ, സഹജീവികളോടുള്ള മനോഭാവമെന്താണ്, അവരോടു സ്‌നേഹമാണോ അതോ വെറുപ്പാണോ തുടങ്ങിയവ ഭൂരിപക്ഷം പേരും മനഃപൂർവം ഒഴിവാക്കുന്നതാണ് ഇന്നത്തെ പതിവുരീതി. (അങ്ങനെയൊക്കെ നോക്കാൻ തുടങ്ങിയാൽ മക്കൾ ഒറ്റത്തടിയായിത്തന്നെ നിൽക്കേണ്ടിവരുമച്ചോ…!).
ഇന്ന് എത്ര കുടുംബങ്ങളിൽ വിവാഹമെന്ന കൂദാശയ്ക്കായി മക്കളെ ഒരുക്കുന്നുണ്ട്…? വിരലിലെണ്ണാവുന്നവ മാത്രമല്ലേയുള്ളൂ. എന്നാൽ മക്കൾക്ക് നല്ല ജോലിയും സമൂഹത്തിൽ ഉന്നത പദവിയും ലഭിക്കുന്നതിനായി കടമെടുത്തും ലോണെടുത്തും പണം കണ്ടെത്തി പഠിപ്പിക്കാറില്ലേ. ഞായറാഴ്ച പള്ളിയിൽ പോലും വിടാതെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് പറഞ്ഞയ്ക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്. അത്തരം ഒരു ഒരുക്കം, അത്തരം ഒരു പരിശീലനം നടത്താൻ സമയമുണ്ട്… താൽപര്യവുമുണ്ട്. എന്നാൽ വിവാഹമെന്ന കൂദാശയ്‌ക്കോ…!
വിവാഹജീവിതത്തിലും പൗരോഹിത്യജീവിതത്തിലും പ്രശ്‌നങ്ങളും അസ്വസ്ഥതകളും പോരായ്മകളും കടന്നുവരാം. എന്നാൽ ഈ കൂദാശകൾ സ്വീകരിക്കുന്നവർ അത്രമാത്രം പ്രാർത്ഥിച്ചൊരുങ്ങുകയും തീവ്രമായ ആഗ്രഹത്തോടെ സ്വീകരിക്കുകയും തമ്പുരാനോടൊപ്പം എന്നും ചേർന്നു ജീവിക്കുകയും ചെയ്താൽ, സ്വീകരിച്ച കൂദാശ ജീവനുള്ളതായി തീരും. കൂദാശകളിലൊന്നായ വിവാഹത്തിന് ആദ്യകുർബാന സ്വീകരണത്തിന്റെ അത്രപോലും ഒരുക്കം നടത്തുന്നില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുൻപിലുണ്ട്. ആദ്യകുർബാന സ്വീകരിക്കാൻ ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരുക്കം ഇടവകകളിലുണ്ടായിരുന്നു. ഇന്ന് എത്രമാത്രമുണ്ടെന്നറിയില്ല. ഇടവകകളിൽ വിവാഹമെന്ന കൂദാശയ്ക്കായി ഇത്തരം ഒരുക്കങ്ങൾ ഇല്ല. അതൊന്നും നടപ്പുള്ള കാര്യമല്ലായെന്ന് നാം ആദ്യമേ പറയും.
ദൈവത്തിനും ദൈവജനത്തിനുമായി ഒരുവൻ പുരോഹിതനാകുന്നുവെങ്കിൽ, വിവാഹമെന്ന കൂദാശയിലൂടെ പുതിയൊരു കുടുംബത്തിനു തുടക്കം കുറിക്കാനും തന്നേക്കാൾ അധികമായി വേറൊരു ജീവനെ സ്‌നേഹിക്കാനും തന്റെതന്നെ ഭാഗമായി കാണാനും തങ്ങൾ ഒന്നാണെന്ന അനുഭവത്തിൽ ആഴപ്പെടാനും തുടങ്ങുകയാണിവിടെ. അതുകൊണ്ട് എനിക്കുതോന്നുന്നത്, ഒരാൾ പുരോഹിതനാകുന്നതിലും കൂടുതൽ ഒരുക്കം ആവശ്യമായ ഒരു കൂദാശയാണ് വിവാഹമെന്നാണ്. കാരണം മാനുഷികമായ കഴിവിലും ശക്തിയിലും മാത്രം ആശ്രയിച്ച് മുൻപോട്ടു പോകാൻ സാധിക്കാത്തതാണ് വിവാഹം എന്ന കൂദാശയെന്ന് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ഉദാഹരണങ്ങളും ചിലരെങ്കിലും പങ്കുവച്ച ജീവിതാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിവാഹമെന്ന കൂദാശയിലൂടെ സ്വീകരിക്കുന്നതും ഏറ്റെടുക്കുന്നതുമായ പുതിയ ജീവിതം, തനിക്കൊപ്പം ഇന്നുമുതൽ ഒന്നുചേർക്കപ്പെടുന്ന പുതിയൊരു ജീവസാന്നിധ്യം എല്ലാംകൂടി തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ്. തന്റെ നിസ്സാരതയിലും തന്റെ കുറവുകളിലും തന്നെ അകന്നുപോകാത്ത ശക്തനായ ദൈവത്തിന്റെ കരമുള്ളപ്പോൾ ഒന്നിനെയും ഭയപ്പെടാതെ, ആകുലതകളില്ലാതെ, സന്തോഷത്തോടെ നിറപുഞ്ചിരിയോടെ നീങ്ങാനാകും.
ഏതു കൂദാശയും പ്രത്യേകിച്ച് വിവാഹവും പൗരോഹിത്യവും സ്വീകരിക്കുന്നവർ സ്വയം ചിന്തിക്കുക; എനിക്കീ കൂദാശ സ്വീകരിക്കുന്നതിനുള്ള യോഗ്യതയുണ്ടോ എന്ന്. യോഗ്യതയുണ്ടെന്നാണ് പ്രാർത്ഥനയുടെ വെളിച്ചത്തിൽ കിട്ടിയ ഉത്തരമെങ്കിൽ അതിനുള്ള പരിശീലനം ആത്മാർത്ഥമായി നേടിയെടുക്കുക. എന്നിട്ട് ബോധപൂർവം സ്വീകരിക്കുക. അല്ലാതെ ഒരു കൂദാശ സ്വീകരിച്ചിട്ട് യഥാർത്ഥത്തിൽ ആ കൂദാശ ആവശ്യപ്പെടുന്ന ജീവിതം നയിക്കാതിരിക്കുകയല്ല വേണ്ടത്. വേറൊരു കൂദാശയായിരുന്നു ഞാൻ സ്വീകരിക്കേണ്ടിയിരുന്നത് എന്ന് പിന്നീട് വിലപിക്കാതിരിക്കാൻ, ഒരു കൂദാശയുടെയും വില കുറച്ചു കാണാതിരിക്കാനും ആത്മാർത്ഥതയുടെ ഒരു ലോകത്തിൽ കഴിയാനുമായി നമുക്കാഗ്രഹിക്കാം.
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകളും സംഭാഷണങ്ങളും ഹൃദയത്തെ സ്പർശിക്കുന്നതും ഒപ്പം പരിപോഷിപ്പിക്കുന്നവയുമാകട്ടെ. എന്റെ ജീവിതവിളിയോട്, ഞാൻ സ്വീകരിച്ച കൂദാശകളോട് നീതി പുലർത്താൻ, വിശ്വസ്തതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ ജീവിതം നയിക്കാൻ വേണ്ട പ്രസാദവരത്തിനായി നമുക്ക് തിരുമുൻപിൽ പ്രാർത്ഥിക്കാം. കർത്താവു കൂടെയുള്ളപ്പോൾ എനിക്കെല്ലാം സാധ്യമാണ്, എനിക്കൊന്നിനും ഒരിക്കലും കുറവുണ്ടാവുകയില്ല….
പോൾ കൊട്ടാരം കപ്പൂച്ചിൻ

By Editor Sunday Shalom –  July 27, 2016

Categories: Abhishekagni

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s