Abhishekagni

ഫാ. ബെനഡിക്ട് ഓണംകുളം

ഫാ.ബെനഡിക്ട് ഓണംകുളം:ജനത്തിന് മറക്കാനാവാത്ത സഹനദാസൻ*
ബെനഡിക്ട് ഓണംകുളം അച്ചനെ ഓർക്കുന്നില്ലേ? കുറ്റവാളിയായി സമൂഹവും കോടതിയും മുദ്ര കുത്തിയപ്പോഴും ദ്രോഹിച്ചവർക്കു മാപ്പു കൊടുത്ത് സഹനജീവിതത്തിലൂടെ കടന്നുപോയ വൈദികൻ. ഇന്നും അതിരുമ്പുഴ സെന്റ് മേരീസ് ദൈവാലയത്തിലെ അദേഹത്തിന്റെ കബറിടത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

” അതിരമ്പുഴയിലെ ഫാ. ഓണംകുളത്തിന്റെ കബറിടത്തിൽ പ്രാർത്ഥിക്കുവാൻ ദിനംപ്രതി ആളുകൾ എത്തുന്നുണ്ടെന്ന് വികാരി ഫാ. സിറിയക് കോട്ടയിൽ സൺഡേശാലോമിനോട് പറഞ്ഞു. അനവധി പേർ രോഗസൗഖ്യം നേടിയതായും സാക്ഷ്യപ്പെടുത്താറുണ്ട്. ഞങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ജനങ്ങൾ പ്രതീക്ഷയോടെ കബറിടത്തിൽ പ്രാർത്ഥിക്കാനെത്തുന്നത് തടയാനാവില്ലെന്ന് അച്ചൻ പറയുന്നു.
ഒരുവർഷം മുമ്പ് അച്ചനെതിരെ കോടതിയിൽസാക്ഷ്യം പറഞ്ഞതിന്റെ വേദന അനുഭവിക്കുന്ന ഒരു കുടുംബം കാണാനെത്തിയ ഓർമ്മകളും ഫാ.സിറിയക് കോട്ടയിൽ പങ്കുവച്ചു. അവർ വലിയ വേദനയോടെ മക്കളും ചെറുമക്കളുമായാണ് വന്നത്. അവരുടെ വല്യപ്പച്ചൻ ഓണംകുളം അച്ചനെതിരെ കോടതിയിൽ സാക്ഷ്യം പറഞ്ഞതിന്റെ നൊ മ്പരം ഇന്നും ആ കുടുംബത്തെ വേട്ടയാടുകയാണെന്ന് അവർ കണ്ണീരോടെ പറഞ്ഞു. അച്ചൻ അവരെ ആശ്വസിപ്പിക്കുകയും പരിഹാരമായി ചില പ്രാശ്ചിത്തങ്ങൾ നിശ്ചയിക്കുകയും ചെയ്തു.ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ബെനഡിക്ട് അച്ചന്റെ കബറിടത്തിങ്കൽ ഒപ്പീസ് ചൊല്ലുന്നുണ്ട്. എല്ലാ ദിവസങ്ങളിലും മുഴുവൻ സമയങ്ങളിലും കബറിടം സ്ഥിതി ചെയ്യുന്ന ചാപ്പലിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ എത്തുന്നുണ്ട്.
‘സഹനദാസൻ’ എന്നു വിളിക്കുന്ന ഫാ. ബെനഡിക്ട് വിശുദ്ധനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളെന്ന് അച്ചൻ പറയുന്നു.

”സഭ ബെനഡിക്ട് അച്ചന്റെ നാമകരണത്തിന് ശ്രമിക്കുന്നുണ്ടോ എന്നൊന്നും ഞങ്ങൾക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങൾ സഹനദാസൻ ഓണംകുളത്തച്ചൻ സാധിച്ചുതരുന്നുണ്ട്.” ഫാ. ബെനഡിക്ടിന്റെ കബറിടത്തിൽ എത്തിയ ഒരു വിശ്വാസി ഇങ്ങനെയാണ് പറഞ്ഞത്.

ഗൾഫിൽ നിന്ന് ഓപ്പറേഷനുവേണ്ടി നാട്ടിൽ വന്നതിനുശേഷം ബെനഡിക്ട് അച്ചന്റെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷൻ നടത്താതെ രോഗസൗഖ്യം നേടിയതും എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടെ ബ്ലഡ് ക്യാൻസർ പിടിപെട്ട് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന് രോഗസൗഖ്യം ലഭിച്ചതും അദേഹത്തോടുള്ള പ്രാർത്ഥനയിൽ ലഭിച്ച സാക്ഷ്യങ്ങളായി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലെ കബറിടത്തിനു മുൻപിൽ പ്രാർത്ഥനയുമായി എത്തുന്നവർക്ക് ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചൻ എന്ന സഹനദാസനുണ്ട്.
1966 ജൂൺ 16 നാണ് കേരളത്തെ മുഴുവൻ ഞെട്ടിക്കുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത മാടത്തരുവി മറിയക്കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൊളുന്ത് നുള്ളാനെത്തിയ തൊഴിലാ ളി സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.ബെഡ്ഷീറ്റ് ശരീരത്തിൽ പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകൾ ഏറ്റിരുന്നു. ആഭരണവും പണവും മൃതദേഹത്തിൽ നിന്ന് ലഭിച്ചതിനാൽ മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന് പോലിസ് കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സമീപത്തെ റിസർവ് വനത്തിൽ സംസ്‌കരിച്ചു.

പത്രവാർത്തയറിഞ്ഞ് ആലപ്പുഴയിൽ നിന്നെത്തി, തെളിവുകൾ കണ്ടാണ് മരിച്ചത് മറിയക്കുട്ടിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് മാറിത്താമസിച്ച ഉപ്പായിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ ആളായിരുന്നു മറിയക്കുട്ടി. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബാംഗമായിരുന്ന മറിയക്കുട്ടി വിധവയായിരുന്നു. മൂന്നു തവണ വിവാഹം കഴിച്ചു. മൂന്നാമത്തെ ഭർത്താവിനു തളർവാ തം പിടിപെട്ടപ്പോൾ അദ്ദേഹത്തെ ഉപേക്ഷിച്ച് മക്കളുമായി അമ്മയ്‌ക്കൊപ്പം ആലപ്പുഴയിൽ താമസം തുടങ്ങി. പിന്നീട് മൂന്നാമത്തെ ഭർത്താവും മരിച്ചു. ഇളയകുട്ടിയെ സഹോദരിയെ ഏൽപിച്ച് വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞിറങ്ങിയ മറിയക്കുട്ടിയെ പിന്നെ ജീവനോടാരും കണ്ടില്ല.

മരിച്ചത് മറിയക്കുട്ടിയാണെന്നുറപ്പു വരുത്തിയതോടെ പോലിസ് സാക്ഷ്യമൊഴികളും സാഹചര്യത്തെളിവുകളും വച്ച് ജൂൺ 24-ന് ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ബെനഡിക്ട് ഓണംകുളത്തെ അറസ്റ്റു ചെ യ്യുകയായിരുന്നു.
1962 മുതൽ 64 വരെ അദ്ദേഹം ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ വി കാരിയായിരുന്നു. ഇവിടെ വച്ചാണ് മറിയക്കുട്ടിയെ പരിചയപ്പെടുന്നത്.1962 ൽ ഫാ. ബെനഡിക്ട് കൊല നടന്നെന്നു പറയപ്പെടുന്ന മാടത്തരുവിക്കു സമീപമുള്ള കണ്ണംപള്ളി പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്നു.

1966 ജൂൺ 24. ചങ്ങനാശേരി അതിരൂപതാ അരമന പ്രസിന്റെ മാനേജരായിരുന്ന ബെനഡിക്ട് അച്ചനെ മറിയക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റു ചെയ്തുവെന്ന വാർത്ത നാടിനെ ഇളക്കി.

എല്ലാ പത്രങ്ങളും ബെനഡിക്ടച്ചനെ കൊ ലപാതകിയാക്കി ഒന്നാം പേജിൽ വാർത്ത നൽകി. സഭയ്‌ക്കെതിരെയും വൈദികർക്കെതിരെയും നിരന്തര വാർത്തകളായിരുന്നു പിന്നെ കുറെക്കാലം. ജയിലിലായ അച്ചൻ തെറ്റിദ്ധരിക്കപ്പെട്ട തന്റെ മാതാപിതാക്കളെ ഓർത്ത് കഠിനദുഃഖത്തിലായിരുന്നു.
എങ്കിലും ഇതു ദൈവപരിപാലനയാണെന്ന് അദ്ദേഹം മാതാപിതാക്കൾക്കെഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു.മരിച്ച മറിയക്കുട്ടിയുമായി ബെനഡിക്ട് അച്ചന് അവിഹിതബന്ധമുണ്ടായിരുന്നുവെന്നും രണ്ടു വയസുള്ള കുട്ടി അച്ചന്റേതാണെന്നും വീണ്ടും ഗർഭിണിയായപ്പോൾ ശല്യമുണ്ടാക്കാതിരിക്കാൻ കൊന്നുകളഞ്ഞതാണെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

മറിയക്കുട്ടിയ്‌ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരു സ്ത്രീക്കും തന്നിൽനിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്ത്രീയുമായും തനിക്ക് അവിഹിതബന്ധമില്ലെന്നും അതോർത്തു മാതാപിതാക്കൾ വിഷമിക്കരുതെന്നും അച്ചൻ വ്യക്തമായി മാതാപിതാക്കൾക്ക് എഴുതിയിരുന്നു.
ജയിലിലായ ബെനഡിക്ട് അച്ചന്റെ കേസ് അതിവേഗം വിചാരണ ചെയ്യപ്പെട്ടു. വിചാരണയുടെ ഓരോ ദിവസവും പത്രങ്ങൾക്ക് ആഘോഷമായി. ക്രിസ്ത്യാനികൾക്കും വൈദികർക്കും പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയായി. വൈദികരെ കണ്ടാൽ സമൂഹം കൂക്കിവിളിക്കാൻ തുടങ്ങി. മന്ദമരുതി മൈനത്തുരുവി മാടത്തുരുവി മറിയക്കുട്ടി ഇതായിരുന്നു നാടെങ്ങും സംസാരവിഷയം.നിറം പിടിപ്പിച്ച കഥകൾ എഴുതാൻ പത്രങ്ങളും മത്സരിച്ചു. സിനിമകളും ഇതേ പേരിൽ ജന്മമെടുത്തു.

അതിവേഗ കോടതി വിചാരണ വേഗം പൂർത്തിയാക്കി. വിധിക്കു ജനം കാതോർത്തിരുന്നു.കത്തോലിക്കാ വൈദികനെ വധശിക്ഷയ്ക്ക് വിധിക്കുന്ന വാർത്ത കേൾക്കാൻ ശത്രുമാധ്യമങ്ങളും ശത്രുഗണങ്ങളും കാതോർത്തിരുന്നു. അങ്ങനെ അരുതാത്തതു സംഭവിച്ചു.
ആ വാർത്ത വിശ്വാസികളെ ഞെട്ടിച്ചു. ദൈവദാസൻ കാവുകാട്ടു പിതാവിന് ഹൃദയാഘാതം ഉണ്ടായി. ശത്രുക്കൾക്ക് ആഘോഷമായി. 1966 നവംബർ 19 ന് കൊല്ലം സെഷൻസ് കോടതി ബെനഡിക്ട് അച്ചനെ മരണംവരെ തൂക്കിലിടാൻ ശിക്ഷിച്ചു. കത്തോലിക്കാ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതായിരുന്നു വിധി. ജൂൺ 24 ന് അറസ്റ്റു ചെയ്യപ്പെട്ടയാൾ നവംബർ 19 ന് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

കേസിന് അപ്പീൽ പോവേണ്ട ഞാൻ മരിച്ചുകൊള്ളാം എന്ന് അച്ചൻ വീട്ടിലേക്കെഴുതി. സഹനം അദ്ദേഹത്തിന് ആനന്ദമായിി. അച്ചൻ തീർത്തും നിരപരാധിയാണെന്നറിയാമായിരുന്ന വിശ്വാസികൾ അച്ചനുവേണ്ടി അപ്പീൽ കൊടുക്കാൻ തീരുമാനിച്ചു.
1967 ഏപ്രിൽ ഏഴിന് ബെനഡിക്ട് അച്ചനെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി വന്നു. പോലിസ് അച്ചനെ മനഃപൂർവം പ്രതിയാക്കുകയായിരുന്നു. ഒരു മുതലാളിക്ക് മറിയക്കുട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. അതിലൊരു കുട്ടിയുണ്ട്. ഈ കുട്ടി അച്ചന്റേതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ശാസ്ത്രീയ പരീക്ഷണത്തിൽ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ് അച്ചനെ വെറുതെ വിടുവാൻ കാരണം.

മുതലാളിയിൽനിന്ന് മറിയക്കുട്ടിക്ക് വീണ്ടും ഗർഭമുണ്ടായതോടെ, ഗർഭഛിദ്രം ചെയ്യാനൊരു ഡോക്ടറെ സമീപിച്ചു. ഗർഭഛിദ്ര ശസ്ത്രക്രിയയ്ക്കിടെ മറിയക്കുട്ടി മരിച്ചു. പരിഭ്രാന്തരായ മുതലാളിയും ഡോക്ടറും മറിയക്കുട്ടിയെ തേയിലക്കാട്ടിൽ കൊണ്ടിടുകയും കൊലപാതകമാക്കുന്നതിനായി ശരീരത്ത് കുത്തി മുറിവേല്പിക്കുകയും ചെയ്തു.

മറിയക്കുട്ടിയെ മുതലാളി സഹായിച്ചിരുന്നത് അച്ചൻ വഴിയാണ്. മുതലാളിയും മറിയക്കുട്ടിയുമായുള്ള അവിഹിതബന്ധം അച്ചൻ അറിഞ്ഞിരുന്നതുമില്ല.
പലപ്പോഴും സഹായം വാങ്ങുവാൻ മറിയക്കുട്ടി അച്ചനെ സമീപിച്ചിരുന്നു. ഇതാണ് പോലിസിന് സംശയം സൃഷ്ടിച്ചത്.

ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ ഗോതമ്പും പാൽപ്പൊടിയും സൗജന്യമായി വിതരണം ചെയ്തിരുന്നു. പള്ളിയിൽനിന്നു ലഭിക്കുന്ന ഗോതമ്പും പാൽപ്പൊടിയും കൊണ്ടാണ് പല കുടുംബങ്ങളും പുലർന്നിരുന്നത്. അതിൽ ഒന്നായിരുന്നു മറിയക്കുട്ടിയുടെ കുടുംബവും. ഈ കാലയളവിലാണ് പത്തനംതിട്ട ജില്ലയിലെ കണ്ണംപള്ളി കത്തോലിക്കാ പള്ളിയിൽ വികാരിയായിരുന്ന ഫാ. ബെനഡിക്ട് ചക്കരക്കുളം പള്ളിയിലേക്കു സ്ഥലം മാറി വന്നത്. ഗോതമ്പ്, പാൽപ്പൊടി വിതരണത്തിന്റെ ചുമതല ബെനഡിക്ട് അച്ചനായിരുന്നു. സൗജന്യമായി ലഭിച്ചിരുന്ന ഗോതമ്പും പാൽപ്പൊടിയും വാങ്ങാൻ മറിയക്കുട്ടിയും വരാറുണ്ടായിരുന്നു.
തുടർന്ന് ബെനഡിക്ടച്ചൻ ചങ്ങനാശേരി അരമന പ്രസിന്റെ മാനേജരായി ചുമതലയേറ്റു.

അച്ചനെ അറസ്റ്റു ചെയ്തതുമുതൽ കൊടിയ പീഡനമാണേൽക്കേണ്ടി വന്നത്. കുറ്റം സമ്മതിക്കുന്നതിനായി കൊടിയ പീഡനം. യേശുവിന്റെ ശരീരവും രക്തവും വാഴ്ത്തി നൽകുന്ന കൈകൾ പോലിസിന്റെ ഷൂസുകൾകൊണ്ട് ചവിട്ടിയരച്ചു. ദേഹമാസകലം ലാത്തിയടിയുടെ പാടുകൾ ഉണ്ടായിരുന്നു. പോലിസിന്റെ കൊടിയ പീഡനത്തിനിടയിൽ പലപ്പോഴും അച്ചന് ബോധം മറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തവനും ചെയ്‌തെന്നു പറഞ്ഞുപോകുന്ന ഭീകരമായ മൂന്നാംമുറയും പ്രയോഗിക്കപ്പെട്ടു. പോലിസിന്റെ മർദ്ദനങ്ങൾക്കിടയിലും അച്ചൻ എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അതാണ് മർദ്ദനം ഇരട്ടിയാക്കിയത്. മാസങ്ങൾ നീണ്ട പീഡനങ്ങൾക്കും ജയിൽവാസത്തിനും വിരാമമിട്ടുകൊണ്ട് ക്രൂരമായ വിധിപ്രസ്താവനയും. അപമാനഭാരത്തിന്റെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരുന്ന ബെനഡിക്ട് അച്ചനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കൊലയാളിയെന്ന മുദ്ര അച്ചനെ വിട്ടുപിരിഞ്ഞിരുന്നില്ല.
നിരപരാധി എന്ന് സ്വന്തം മനഃസാക്ഷി മന്ത്രിക്കുമ്പോഴും കൊലപാതകിയെന്ന് മുദ്രകുത്തപ്പെട്ട ഒരു സമൂഹമധ്യത്തിൽ മറ്റുള്ളവരുടെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയാണ് അച്ചൻ കഴിഞ്ഞത്. പക്ഷേ, അച്ചൻ പാവങ്ങളെ സ്‌നേഹിച്ചും പീഡിതരെയും നിരാശ്രയരെയും ആശ്വസിപ്പിച്ചും തന്റെ ജീവിതം മുന്നോട്ട് നീക്കി. ഹൃദ്രോഗബാധയെത്തുടർന്ന് അച്ചൻ കോട്ടയം മെഡിക്കൽ കോളജിനു സമീപം മുടിയൂർക്കരയിലുള്ള വൈദികകേന്ദ്രത്തിൽ വർഷങ്ങളോളം വിശ്രമജീവിതത്തിലായിരുന്നു.

വിശ്രമജീവിതം നയിച്ചുവന്ന ഫാദറിനെ തേടി എഴുപതാം വയസിൽ മറിയക്കുട്ടിയുടെ യഥാർത്ഥ ഘാതകനായ ഡോക്ടറുടെ മക്കളെത്തി കുറ്റം ഏറ്റുപറഞ്ഞ് മാപ്പിരന്നപ്പോഴും യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മാതൃക ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട് അവരെ അനുഗ്രഹിക്കുവാനാണ് അച്ചൻ ശ്രമിച്ചത്.
2000 ജനുവരി 14 ന് ആണ് ഡോക്ടറുടെ മക്കൾ അച്ചനെ സന്ദർശിച്ച് കുറ്റം ഏറ്റുപറഞ്ഞത്. ഡോക്ടറുടെ കുടുംബത്തിന് സംഭവത്തിനുശേഷമുണ്ടായ തിരിച്ചടികളാണ് പിതാവിന്റെ കുറ്റം ഏറ്റുപറയാൻ മക്കളെ പ്രേരിപ്പിച്ചത്. കെ.കെ. തോമസ്, ചെറിയാൻ എന്നിവരാണ് അച്ചനെ കാണാൻ വന്നത്. തുടർന്ന് ഇവരുടെ സഹോദരിമാരും അച്ചനെ സന്ദർശിച്ചു. ഡോക്ടറും തോട്ടം ഉടമയും മുമ്പേ മരിച്ചിരുന്നു. സത്യം വെളിപ്പെടുത്തിയിട്ടും അച്ചൻ ഇതാരോടും പറഞ്ഞില്ല. പിന്നീട് 11 മാസങ്ങൾക്കുശേഷം മാധ്യമങ്ങളിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.

തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പിരന്നവരെ കുറ്റപ്പെടുത്താതെ ആശ്വസിപ്പിച്ചുവിടുകയാണ് അച്ചൻ ചെയ്തത്. ഇതു കേൾക്കാൻ എന്റെ അച്ചായൻ ഇല്ലാതെ പോയല്ലോയെന്ന വിഷമം മാത്രം അവരോട് പറഞ്ഞു. 2001 ജനുവരി മൂന്നിന് 71-ാം വയസിൽ അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയോടു ചേർന്നുള്ള വൈദികരുടെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്. സഭ പ്രഖ്യാപിച്ച വൈദികവർഷാചരണത്തോടനുബന്ധിച്ച് സഹനദാസനെന്ന് വിളിച്ച് അദ്ദേഹത്തിന്റെ കല്ലറ പുതുക്കി പണിയുകയും വിശ്വാസികൾക്ക് പ്രാർത്ഥിക്കുവാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.

Categories: Abhishekagni

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s