Reflections

വിശപ്പിന്‍റെ വിളി

വിശപ്പിന്‍റെ വിളി

 Poor Children

   ഒരു വ്യക്തിയുടെ ഏറ്റവും വലിയ വേദന വിശപ്പാണ്. ഭക്ഷണമാണ് വലിയ ആവശ്യം. ഒരാളെ ഭക്ഷിപ്പിക്കുന്നതിനേക്കാള്‍ വലിയ പുണ്യകര്‍മമില്ല. വിശപ്പിന്‍റെ  വേദന എല്ലാവരുമറിയണം. എങ്കില്‍ വിശന്നു വലയുന്ന സഹജീവികളോടു സഹതാപവും വിശപ്പടക്കാന്‍ ആഹാരം നല്‍കുന്ന സ്രഷ്ടാവിനോടു നന്ദിബോധവും മനസ്സില്‍ ജന്മം കൊള്ളും. അനുഭവജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം. പക്ഷേ, കുടല് വറ്റിച്ച് കരളു കത്തിച്ച് സകല സിരകളെയും തളര്‍ത്തിയുറക്കുന്ന വിശപ്പിന്‍റെ വേദന അറിയാത്തവര്‍ ഇതെങ്ങനെ അനുഭവിക്കും?

വിശപ്പിന്‍റെ വിളിയുടെ വിളിപ്പാടകലെപ്പോലും ചെല്ലാത്ത നാമെന്തറിയുന്നു.

 climate-talks-succeed-poor

    ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവ് നായകളോടും കാക്കകളോടും പൊരുതി അവശിഷ്ടങ്ങള്‍ ആർത്തിയോടെ വാരി വലിച്ച് കഴിക്കുന്ന തെരുവ് സന്തതികള്‍,ഹോട്ടലുകളില്‍ നിന്നും മറ്റും നിക്ഷേപിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ആഹാരമാക്കാന്‍ ചാവാലി പട്ടികളുള്‍ക്കൊപ്പം  കാത്തിരിക്കുന്ന മനുഷ്യകോലങ്ങള്‍,  വയറിൽ തട്ടി ഭിക്ഷ യാചിക്കുന്ന അനാഥ ബാലികാബാലകന്മാർ, ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു നേരം വെളുപ്പിക്കുന്നവര്‍ , ഒരു ദിന മെങ്കിലും  വയറുനിറച്ചുറങ്ങാന്‍ കൊതിക്കുന്നവര്‍. അവരുടെ സ്ഥാനത്ത് ഒരു നിമിഷം ‘ഞാൻ’ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യം ഒരുപാട് വളര്‍ന്നിരിക്കുന്നു. വിശന്നു കരയുന്ന കുറെ മനുഷ്യര്‍ നമ്മുടെ കണ്‍മുന്നില്‍ ഇപ്പോഴും നില്‍ക്കുന്നു.

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വഴിയോരങ്ങളില്‍ കാത്തുകിടക്കുന്ന ജീവിതങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ നമുക്കെങ്ങനെ പുരോഗതിയെക്കുറിച്ച് പറയാന്‍ കഴിയും? നമ്മുടെ ശാസ്ത്രനേട്ടങ്ങള്‍ ആകാശം കടന്നുപോകുന്നു, ലോകത്തോട് നമ്മള്‍ രാജ്യത്തിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്നു. അപ്പോഴും ദൈന്യതയാര്‍ന്നൊരു നോട്ടവുമായി ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന ഒരു വറ്റിനായി ഒരുപാട് പേര്‍ ഈ രാജ്യത്തിന്‍റെ  തെരുവുകളില്‍ ജീവിതമെന്ന ശാപവും പേറി കഴിയുന്നു. കാണാതെ പോകുന്ന ആ കാഴ്ച്ചകളിലല്ലേ നമ്മുടെയെല്ലാം യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്നത്?  തെരുവിന്‍റെ ദാരിദ്ര്യവും നിസ്സഹായതയും പലപ്പോഴും ഭരണകൂടങ്ങള്‍ കണ്ണടച്ചവഗണിക്കുമ്പോഴും, ചിലരുണ്ട്; ചില നല്ല  മനുഷ്യര്‍, ആ കാഴ്ചകള്‍ തരുന്ന വേദന സ്വയമേറ്റെടുത്ത് പുറംതള്ളപ്പെട്ട മനുഷ്യന്‍റെ ആശ്വാസമായി മാറുന്നവര്‍.

ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചും അതിന്‍റെ രുചി പോരായ്മകളെ കുറിച്ച് കുറ്റംപറഞ്ഞും, ആര്‍ഭാടം നിറഞ്ഞ ആഘോഷവേളകളിലും അല്ലാതെയും  ഭക്ഷണം പാഴാക്കിയും സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി,  കുടല് വറ്റിച്ച്കരളു കത്തിച്ച്സകല സിരകളെയും തളര്‍ത്തി ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവന്‍റെ ദയനീയവസ്ഥ എങ്ങനെ മനസിലാകും?

 നമ്മുടെയൊക്കെ വീടുകളില്‍ ഭക്ഷണം പാകം ചെയ്തുവച്ചിട്ട് യഥാസമയം കഴിക്കാന്‍ സാധിക്കാത്ത വിശപ്പുണ്ടാകാം, വാശിയെടുത്തോ വഴക്കിട്ടോ ഭക്ഷണം ഉപേക്ഷിക്കുന്ന പട്ടിണിയുണ്ടാവാം, ഭക്ഷണത്തിന്‍റെ രുചിപോരായ്മയെ പ്രതിയുള്ള പട്ടിണിയുമുണ്ടാകാം, എന്നാല്‍, ഒരുനേരത്തെ ആഹാരമില്ലാതെ, രണ്ടുനേരം ആഹാരം കഴിക്കാന്‍ സാധിക്കാതെ, അടുത്ത ദിനം ആഹാരം കഴിക്കാന്‍ കാണുമോ എന്നൊക്കെയുള്ള ആശങ്കയില്‍ ജിവിക്കുന്ന ജനകോടികള്‍ നമുക്ക് ചുറ്റിലും ഉണ്ടെന്ന വാസ്തവം തിരിച്ചറിഞ്ഞ് അപരിനിലേയ്ക്ക് ഇറങ്ങിചെല്ലണം.

 ആവശ്യം കഴിച്ചു ശിഷ്ടമുള്ളത് സമൂഹത്തിലെ ആവശ്യക്കാര്‍ക്കു നല്‍കേണ്ടതാണ്. അതു ചെയ്യാത്തതുകൊണ്ടാണ് ലോകത്ത് പട്ടിണിയും പട്ടിണിമരണങ്ങളും നടക്കുന്നത്. ലോകത്തെ 85 കോടി ജനങ്ങള്‍ ഒഴിഞ്ഞ വയറുമായാണ് ദിനേന അന്തിയുറങ്ങുന്നതെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. വിശപ്പടക്കുന്നതിനു ഒരു പിടി ആഹാരം ലഭിക്കാതെ ദിനേന 21000 പേര്‍ പിടഞ്ഞു മരിക്കുന്നുവെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പത്തും ഭക്ഷ്യവിഭവങ്ങളും കയ്യടക്കിവച്ച സമ്പന്നവിഭാഗത്തിന് ഇവരോടു കനിവു തോന്നുന്നില്ല. ആഹാരസാധനങ്ങളുടെ പരിമിതികള്‍ കൊണ്ടല്ല. പകരം. ഒരുപിടി സഹായം ചെയ്യാനുള്ള മനുഷ്യമനസിന്‍റെ പരിമിതികളാണ്.

ആയിരക്കണക്കിന് പേര്‍ അമിതാഹാരം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്‍റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്‍റെ  മരണം. ആഹാരം പാഴാക്കുമ്പോഴും, പലവിധ കാരണങ്ങളാല്‍ അവഗണിക്കുന്പോഴും  തെരുവില്‍ വിശക്കുന്ന മിഴികളുമായി കഴിയുന്ന ഈ മക്കളെ ഓര്‍ക്കണം.

വിശപ്പ് എന്തെന്ന് അറിയാത്തവരും, അതിന്‍റെ വേദന അനുഭവിക്കാത്തവരും ഈ പിഞ്ചുകുഞ്ഞിന്റെ വേദന ഒന്നു മനസിലാക്കു.

  ഒരിക്കല്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞു.

ആ സംഭവം മദര്‍ വിവരിച്ചതിങ്ങനെ.

“ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിന്‍റെ മ്ലാനമായ മിഴികളിലും ഞാന്‍ കണ്ടു.

ഒന്നും ചോദിക്കാതെ കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് വളരെ പതുക്കെ കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ ചോതിച്ചു.

 Poverty-in-India3

“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”

കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു.

“ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”

അന്നാണ് ഞാന്‍ വിശപ്പിന്റെ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പി നിന്നിരുന്നു.”

ഈ വിശപ്പിന്‍റെ വിളി നാം മറക്കരുത്, അവഗണിക്കരുത്.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

0 replies »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s